റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. 1913 മുതല്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയ, സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന നിയമമമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
1913ലെ നിയമത്തിലുള്ളതു പോലെ അക്ഷരം പ്രതി സെന്‍സര്‍ഷിപ്പ് രാജ്യത്ത് അടുത്ത കാലത്തൊന്നും നടപ്പിലാക്കുന്നില്ലെങ്കിലും വളരെ പ്രധാനപ്പെട്ട നടപടിയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഡാരിയോ ഫ്രാങ്ക്‌സ്ചിനി പറഞ്ഞു. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനും നിയന്ത്രിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമായിരുന്നു അതെന്നും ഡാരിയോ അഭിപ്രായപ്പെട്ടു.
രാഷ്ട്രീവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിദേശ ചിത്രങ്ങളടക്കം അനേകം സിനിമകളാണ് ഇറ്റലിയില്‍ പല കാലഘട്ടങ്ങളിലായി നിരോധിക്കപ്പെട്ടത്. രാജ്യത്തെ സാംസ്‌കാരിക മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം 1944 മുതല്‍ 274 ഇറ്റാലിയന്‍ സിനിമകളും 130 അമേരിക്കന്‍ സിനിമകളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 സിനിമകളും ഇറ്റലിയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പതിനായിരിത്തിലേറെ ചിത്രങ്ങളില്‍ നിന്നും ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്.