2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പിലേക്ക് യോഗ്യത നേടി ഇറ്റലി. യോഗ്യത മത്സരത്തില്‍ ഉക്രൈനുമായി 0-0 സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് ഇറ്റലി യൂറോ കപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത ലഭിക്കാത്തതിന് പിന്നാലെ ഇറ്റലിക്ക് യൂറോ കപ്പ് നേടിക്കൊടുത്ത പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനിയെ ഇറ്റലി പുറത്താക്കിയിരുന്നു. മാന്‍സീനിക്ക് പകരക്കാരനായി എത്തിയ ലൂസിയാനോ സ്‌പെല്ലെറ്റിയുടെ കീഴില്‍ മികച്ച മുന്നേറ്റമാണ് ഇറ്റലി നടത്തിയത്.
ലെവര്‍കൂസനില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലായിരുന്നു ഉക്രൈന്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ഇറ്റലി പിന്തുടര്‍ന്നത്.
മത്സരത്തില്‍ ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു നിലനിന്നിരുന്നത്. ഈ ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ടു ടീമിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇരു ടീമിനും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല.
2018, 2022 ലോകകപ്പുകകളില്‍ യോഗ്യത നേടാന്‍ ഇറ്റാലിയന്‍ ടീമിന് സാധിച്ചിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ പ്ലേ ഓഫ് മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് പരാജയപ്പെട്ടായിരുന്നു ഇറ്റലി പുറത്തായത്.
എന്നാല്‍ 2021ലെ യൂറോ കപ്പ് വിജയിക്കാന്‍ ഇറ്റലിക്ക് സാധിച്ചിരുന്നു. 2024 ഇറ്റലി കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിക്കും അസൂറിപട ജര്‍മനിയിലേക്ക് വിമാനം കയറുക.
അതേസമയം ഉക്രൈന് യൂറോപ്പിലേക്ക് യോഗ്യത നേടാന്‍ ഇറ്റലിക്കെതിരെ ജയം അനിവാര്യമായിരുന്നു. തോറ്റെങ്കിലും ഉക്രൈന് പ്ലേ ഓഫ് കളിച്ചുകൊണ്ട് യൂറോ യോഗ്യത നേടാനുള്ള സാധ്യതയും മുന്നിലുണ്ട്.
ഗ്രൂപ്പ് സിയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയും അടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇറ്റലി. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ഉക്രൈന്‍ മൂന്നാം സ്ഥാനത്തുമുണ്ട് എന്നാല്‍ ഇറ്റലിയുമായി നാല് ഗോളുകള്‍ക്ക് പിന്നിലാണ് ഉക്രൈന്‍.