| Monday, 27th April 2020, 11:05 am

'നമ്മള്‍ വൈറസിനൊപ്പം ജീവിക്കുന്ന ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണ്, ഇറ്റലിയെ സ്‌നേഹിക്കുന്നുവെങ്കില്‍ സുരക്ഷാക്രമങ്ങള്‍ പാലിക്കൂ,'; ലോക് ഡൗണില്‍ ഇളവ് നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇറ്റലിയില്‍ കൊവിഡ് 19 നെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണില്‍ ഇളവ് നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ. ഉല്‍പ്പാദനം, നിര്‍മാണം, മൊത്തവ്യാപാരം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെയ് നാല് മുതല്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

മെയ് 18 ന് റീട്ടെയിലര്‍മാര്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, ലൈബ്രറികള്‍ എന്നിവയും ജൂണ്‍ ഒന്നിന് ബാറുകള്‍, റെസ്റ്റോറന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

മെയ്് 4 മുതല്‍ ആളുകള്‍ക്ക് മാസ്‌ക് ധരിച്ചുകൊണ്ട് ബന്ധുക്കളെ സന്ദര്‍ശിക്കാമെന്നും പാര്‍ക്കുകളും പൊതു ഉദ്യാനങ്ങളും വീണ്ടും തുറക്കുമെന്നും കോണ്ടെ പറഞ്ഞതായി എം.എസ്.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ശവസംസ്‌കാരം അനുവദിക്കുമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമായതിനാല്‍ പരമാവധി 15 പേര്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്നും എല്ലാ ബിസിനസ്സുകളിലും ജോലിസ്ഥലങ്ങളിലും കര്‍ശനമായി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ ഇറ്റലിയെ സ്‌നേഹിക്കുന്നുവെങ്കില്‍, കൊറോണ വൈറസ് പകര്‍ച്ച വ്യാധിയെ അകറ്റി നിര്‍ത്താന്‍ നിങ്ങളുടെ വ്യക്തിഗത സുരക്ഷാ അകലം പാലിക്കുക. നമ്മള്‍ വൈറസിനൊപ്പം ജീവിക്കുന്ന ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണ്,” അദ്ദേഹം പറഞ്ഞു.
അപകട സാധ്യതയുണ്ടെന്നും ഗൗരവത്തോടെ തന്നെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

” നമ്മള്‍ അകലം പാലിക്കുന്നില്ലെങ്കില്‍, അവസ്ഥ മോശമാകും. സ്ഥിതി നിയന്ത്രണാതീതമാവുകയും ചെയ്യും. നമ്മുടെ രാജ്യത്തെ മരണങ്ങള്‍ വര്‍ദ്ധിക്കുകയും ആ സമയത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 260 മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവസേന ഉണ്ടാകുന്ന മരണങ്ങള്‍ മാര്‍ച്ച് 14 മുതല്‍ രേഖപ്പെടുത്തിയതില്‍ കുറഞ്ഞ മരണസംഖ്യയാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more