ലണ്ടന്‍: കോപ്പക്ക് പിന്നാലെ യൂറോയും അവസാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ സ്വന്തം തട്ടകമായ വെബ്ലിയിലെ പോരാട്ടത്തില്‍ അവരെ കീഴടക്കി ഇറ്റലി യൂറോ കപ്പില്‍ മുത്തമിട്ടപ്പോള്‍ അമ്പരന്നിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
സൂപ്പര്‍ ഫൈനലില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1ന് സമനിലയിലായ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു(3-2) അസൂരുപ്പടയുടെ വിജയം.
2000ത്തിലും 2012ലും യൂറോ ഫൈനലിലെത്തിയെങ്കിലും തോറ്റുമടങ്ങാനായിരുന്നു ഇറ്റലിയുടെ വിധി. 1968ല്‍ കിരീടം നേടിയ ശേഷം 53 ശേഷമാണ് ഇറ്റലി വീണ്ടും യൂറോ ചാമ്പ്യന്‍മാരാകുന്നത്.
യൂറോയില്‍ ഇറ്റലിയുടെ വിജയഗാഥയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. 2018 ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലി യൂറോ ചാമ്പ്യന്മാരായ കഥ അന്വേഷിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് ഇറ്റലി യൂറോ കപ്പിന്റെ രാജാക്കന്മാരായത്.
>
അവസാനം കളിച്ച 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 28 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ആറു സമനിലയുമാണുള്ളത്. ഈ സ്വപ്‌ന കുതിപ്പിന് കാരണമന്വേഷിക്കുമ്പോള്‍ അവസാനം ചെന്നെത്തുന്നത് 2018ല്‍ ഇറ്റലിയുടെ പരിശീലകനായി സ്ഥാനമേറ്റ മാന്‍സീനിയിലാണ്.
പരമ്പരാഗതമായി പ്രതിരോധത്തിന് പേരുകേട്ട ടീമാണ് ഇറ്റലി. ഈ ടീമിനെ മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ മാന്‍സീനി ശ്രദ്ധകേന്ദ്രീകരിച്ചതാണ് ഇറ്റലിയുടെ ചരിത്ര വിജയത്തിന് കാരണമായത്. ഒത്തിണക്കത്തോടെ താരങ്ങളെ ഒരുമിച്ചുകൊണ്ടുപോകാനും മാന്‍സീനിയുടെ നേതൃത്വത്തിന് സാധിച്ചു.