| Saturday, 30th January 2021, 9:01 am

സൗദിക്കും യു.എ.ഇക്കും ആയുധം വില്‍ക്കില്ലെന്ന് ഇറ്റലിയും; യെമന്‍ സംഘര്‍ഷത്തിന് വലിയ വില കൊടുക്കേണ്ടി വന്ന് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: സൗദി അറേബ്യയുമായും യു.എ.ഇയുമായുമുള്ള ആയുധ വില്‍പന റദ്ദാക്കി ഇറ്റലി. ഇരുരാജ്യങ്ങളുമായുള്ള ആയുധ വില്‍പന കരാറുകള്‍ പുനഃപരിശോധനക്കുമെന്ന അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെയാണ് ഇറ്റലിയും കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

യെമന്‍ സംഘര്‍ഷത്തിലെ ഇരു രാജ്യങ്ങളുടെയും പങ്ക് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. 18 മാസത്തേക്കാണ് നിലവിലെ കരാറുടകളടക്കം ഇരുരാജ്യങ്ങളുമായുള്ള എല്ലാ ആയുധ വില്‍പനയും ഇറ്റലി നിര്‍ത്തിവെച്ചിരിക്കുന്നത്.

‘സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമുള്ള മിസൈലുകളുടെയും ബോംബുകളുടേയും കയറ്റുമതി റദ്ദാക്കിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ രാജ്യത്തില്‍ നിന്നുള്ള സമാധാനത്തിന്റെ സന്ദേശമാണ് ഈ നടപടി. മനുഷ്യാവകാശങ്ങളോട് തകര്‍ക്കാനാകാത്ത പ്രതിബദ്ധതയാണ് ഞങ്ങള്‍ക്കുള്ളത്.’ ഇറ്റലിയുടെ വിദേശകാര്യമന്ത്രി ല്യൂജി ഡി മായോ കഴിഞ്ഞ ദിവസം പറഞ്ഞു. യെമന്‍ സംഘര്‍ഷത്തെ കുറിച്ച് പരോക്ഷമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു ഡി മായോയുടെ പ്രഖ്യാപനം.

20,000 മിസൈലുകളുടെ വില്‍പനക്കുള്ള 485 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇറ്റലി റദ്ദാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2016ല്‍ മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ കരാറിന്റെ ഭാഗമായി നടന്നിരുന്ന ആയുധവില്‍പനയാണ് ഇത്.

ഇറ്റലി ഏറ്റവും കൂടുതല്‍ ആയുധ വില്‍പന നടത്തുന്ന രാജ്യങ്ങളില്‍ പത്തും പതിനൊന്നും സ്ഥാനങ്ങളിലാണ് സൗദി അറേബ്യയും യു.എ.ഇയും വരുന്നത്.

ഇറ്റലിയിലെ പ്രധാന മനുഷ്യാവകാശ സംഘടനകളിലൊന്നായ പീസ് ആന്റ് ഡിസ്ആംമെന്റ് നെറ്റ്‌വര്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ഈ നടപടിയിലൂടെ ഇറ്റലിയില്‍ നിര്‍മ്മിച്ച ആയിര കണക്കിന് ആയുധങ്ങള്‍ സാധാരണക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തകര്‍ക്കാനും നിരവധി പേരുടെ മരണത്തിനും ഉപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാകുകയാണ്.’ സംഘടന അറിയിച്ചു.

ഇതുവരെ ഇറ്റലിയുടെ നടപടിയോട് സൗദി അറേബ്യയോ യു.എ.ഇയോ പ്രതികരണം അറിയിച്ചിട്ടില്ല.

നേരത്തെ സൗദി അറേബ്യയ്ക്കും, യു.എ.ഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ അമേരിക്കയും തീരുമാനിച്ചിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ പറഞ്ഞു.

അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ കരാര്‍ എന്നു പരിശോധിക്കുമെന്ന് ബുധനാഴ്ച നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ ബ്ലിങ്കണ്‍ കൂട്ടച്ചേര്‍ത്തു.

യു.എ.ഇ, സൗദി എന്നീ രാഷ്ട്രങ്ങളുമായി അമേരിക്ക ഏര്‍പ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സൗദി യെമനില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് എടുത്തത്. ഇതേ സൗദിക്ക് ആയുധം വില്‍ക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Italy permanently halts arms sales to Saudi Arabia, UAE

We use cookies to give you the best possible experience. Learn more