| Thursday, 12th September 2019, 8:29 am

കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ പിഴയും തടവും; കുടിയേറ്റം തടയാന്‍ മനുഷ്യത്വരഹിത നിയമവുമായി ഇറ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: കുടിയേറ്റം തടയാന്‍ ക്രൂരനിയമവുമായി ഇറ്റലി ഭരണകൂടം. കടലില്‍ മുങ്ങിമരിക്കാന്‍ പോകുന്ന അഭയാര്‍ഥികളെ രക്ഷിച്ചാല്‍ ഒരു ദശലക്ഷം യൂറോ (ഏകദേശം 7.90 കോടി രൂപ) വരെ പിഴയും തടവുശിക്ഷയും ലഭിച്ചേക്കാവുന്ന നിയമം ഇറ്റാലിയന്‍ സെനറ്റ് പാസ്സാക്കിക്കഴിഞ്ഞു.

ഇനി പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ അനുമതി കൂടി ലഭിച്ചാല്‍ ഇതു നിയമമാകും. നിയമത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്ച്.സി.ആര്‍ ആശങ്ക പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി മാത്യു സാല്‍വിനി രൂപീകരിച്ച നിയമം 57-നെതിരെ 160 വോട്ടുകള്‍ക്കാണു വിജയിച്ചത്.

മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും സ്ഥിരം സംഭവമാകുന്നതിനിടെയാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലുള്ള ഇറ്റലിയുടെ നീക്കം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഭയാര്‍ഥികളെ രക്ഷിക്കാനായി നിരവധി സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ രക്ഷപ്പെടുത്തുന്ന അഭയാര്‍ഥികളുമായി കരയിലെത്തുന്ന ബോട്ടുകളുടെ ക്യാപ്റ്റന്മാരെ അറസ്റ്റ് ചെയ്യാനും ഒന്നര ലക്ഷം മുതല്‍ ഒരു ദശലക്ഷം വരെ പിഴ ചുമത്താനുമുള്ള വകുപ്പുകള്‍ അടങ്ങുന്നതാണ് പുതിയ നിയമം.

കഷ്ടപ്പെടുന്ന ജനതയുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നീക്കമാണിതെന്ന് ‘അതിരുകളില്ലാത്ത ദുരിതാശ്വാസം’ (എം.എസ്.എഫ്) സംഘടനയുടെ ഇറ്റലി പ്രസിഡന്റ് ക്ലോദിയ ലോഡിസാനി പറഞ്ഞു. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍സ് ഡ്രൈവറെ ശിക്ഷിക്കുന്നതു പോലുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നാവിക നിയമങ്ങളും കടലില്‍ മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ദൗത്യങ്ങളും ലംഘിക്കാന്‍ ഇറ്റലി മുന്നിട്ടിറങ്ങുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ‘സീവാച്ച്’ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഭ്യന്തര സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മധ്യധരണ്യാഴിയിലൂടെ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങള്‍ കടുത്ത കുടിയേറ്റ വിരുദ്ധത നടപ്പാക്കുമ്പോള്‍, കഴിഞ്ഞമാസം അവര്‍ പുറത്താക്കിയ നൂറുകണക്കിന് അഭയാര്‍ഥികളെ സ്പെയിന്‍ സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more