| Sunday, 30th June 2024, 11:42 am

സ്‌പെയ്ൻ, പോർച്ചുഗൽ...ഇപ്പോൾ ഇറ്റലിയും; ചാമ്പ്യന്മാർക്ക് കണ്ണീരോടെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അസൂറിപടയെ പരാജയപ്പെടുത്തിയത്.

ഇതോടെ തുടര്‍ച്ചയായ മൂന്ന് യൂറോകപ്പില്‍ ചാമ്പ്യന്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ നിന്നും പുറത്താവുന്നതാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. 2012 യൂറോ കപ്പ് വിജയിച്ച സ്‌പെയ്ന്‍ അടുത്ത യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. 2016 യൂറോ കപ്പില്‍ സ്പാനിഷ് പട ഇറ്റലിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് പുറത്തായത്.

ആ വര്‍ഷത്തെ യൂറോ കപ്പ് കിരീടം കൊണ്ടുപോയ പോര്‍ച്ചുഗല്‍ 2020ല്‍ നടന്ന യൂറോ കപ്പില്‍ ബെല്‍ജിയത്തിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് പുറത്തായി. ഇപ്പോഴിതാ 2020ലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോയില്‍ സ്വിസര്‍ലാന്‍ഡിനോട് തോല്‍വി സമ്മതിച്ചുകൊണ്ടാണ് മടങ്ങുന്നത്.

അതേസമയം മത്സരത്തിന്റെ 37ാം മിനിട്ടില്‍ റെമോ ഫ്രയുലര്‍ ആണ് സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ റൂബന്‍ വര്‍ഗാസിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാം ഗോളും നേടി. മറുപടി ഗോളിനായി ഇറ്റലി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്വിസ് പ്രതിരോധം മറികടക്കാന്‍ അസൂറിപടക്ക് സാധിച്ചില്ല.

മത്സരത്തില്‍ 11 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഇറ്റലി ഉതിര്‍ത്തത്. ഇതില്‍ ഒന്ന് മാത്രമേ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അസൂറിപടക്ക് സാധിച്ചത്. മറുഭാഗത്ത് 16 ഷോട്ടുകളാണ് ഇറ്റലിയുടെ പോസ്റ്റിലേക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് അടിച്ചത്. ഇതില്‍ നാല് എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും തോല്‍വിയും സമനിലയും ആയി നാലു പോയിന്റോടെയാണ് ഇറ്റലി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നത്. മറുഭാഗത്ത് ഗ്രൂപ്പ് എ യില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Content Highlight: Italy Out of Euro Cup 2024

Latest Stories

We use cookies to give you the best possible experience. Learn more