|

കടല്‍ക്കൊലക്കേസ്: വിചാരണ വേണ്ടെന്ന നിലപാടിലുറച്ച് ഇറ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസിലെ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി വ്യക്തമാക്കി. പ്രതികളായ രണ്ട് നാവികരുടെ വിചാരണ വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് ഉറപ്പിച്ചത്.

വിചാരണവേണ്ടെന്ന ഇറ്റലിയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ വെച്ച് ഇറ്റലിയുടെ നയതന്ത്രപ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര അറിയിച്ചു. നാളെ ദല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ലെന്നും കേസില്‍ അമേരിയ്ക്കയുടെ പിന്തുണ തേടുമെന്നും മിസ്തുര അറിയിച്ചു.

ഇറ്റാലിയന്‍ നാവികര്‍ക്ക് മേല്‍ സുവ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നുവെന്നാണ് കേസ്.

2012 ഫിബ്രവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ഇന്ത്യയില്‍ വിചാരണ നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ നാവികരുടെ മോചനത്തിന് യുഎന്‍ ഇടപെടണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു. നാവികരുടെ മോചനത്തിന് വേണ്ടി നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായവും ഇറ്റലി നേരത്തെ തേടിയിരുന്നു.