റൊസാരിയോ: അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയ്ക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ഇറ്റലിയില്‍ കുടുംബവേരുകളുള്ള മിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിയപ്പോഴാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കി ആദരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
കുടിയേറ്റത്തിനെതിരെ എപ്പോഴും രൂക്ഷമായി സംസാരിച്ചിരുന്ന മിലെ ഇറ്റലിയില്‍ ജനിച്ച കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് അര്‍ജന്റീനിയന്‍ പൗരത്വം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. അതിനാല്‍തന്നെ മിലെയുടെ ഇറ്റാലിയന്‍ പൗരത്വത്തിനെതിരെ പ്രതിപക്ഷത്തുനിന്നടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
നിലവില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ സന്ദര്‍ശിക്കാനും ഇന്ന് (ശനിയാഴ്ച) നടക്കുന്ന മെലോണിയുടെ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനുമായി മിലെ റോമിലാണ്.
മിലെയുടെ ഇറ്റാലിയന്‍ പൗരത്വവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ വിവിധ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം മെലോണി സര്‍ക്കാരിന്റെ ഈ തീരുമാനം സമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയക്കാര്‍ക്കിടയിലും വിമര്‍ശനം സൃഷ്ടിച്ചിട്ടുണ്ട്. ഇറ്റലിയില്‍ ജനിച്ച കുടിയേറ്റക്കാരുടെ കുട്ടികള്‍ പൗരത്വം നേടാന്‍ ബുദ്ധിമുട്ടുമ്പോള്‍ മിലെക്ക് അനായാസമായി പൗരത്വം ലഭിച്ചതിനെ പലരും വിമര്‍ശിച്ചു.
ഇറ്റലിയില്‍ പൗരത്വ നിയമങ്ങള്‍ രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇറ്റാലിയന്‍ പൗരന്മാരുടെ അകന്ന പിന്‍ഗാമികള്‍ക്ക് പോലും ഇറ്റാലിയന്‍ പൗരത്വം അവകാശപ്പെടാം. നേരെമറിച്ച്, ഇറ്റലിയില്‍ ജനിച്ച വിദേശികളുടെയോ അല്ലെങ്കില്‍ അവിടേക്ക് കുടിയേറുന്നവര്‍ക്കോ പൗരത്വം ലഭിക്കാന്‍ പ്രയാസമാണ്.
ഇറ്റലിയിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായുള്ള പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനായി ഒരു റഫറണ്ടം നടത്തണമെന്ന് കുടിയേറ്റ അനുകൂല ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മെലോണിയുടെ വലതുപക്ഷ സഖ്യം ഇത്തരത്തില്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെ എതിര്‍ക്കുകയാണ്.
ഫെബ്രുവരിയില്‍ ഇറ്റലിയിലേക്കുള്ള ഒരു മുന്‍ യാത്രയ്ക്കിടെ, തന്റെ മൂന്ന് മുത്തശ്ശിമാര്‍ക്ക് ഇറ്റലിയില്‍ വേരുകള്‍ ഉള്ളതിനാല്‍ താന്‍ 75% ഇറ്റാലിയന്‍ ആണെന്നും ഇറ്റാലിയന്‍ ഓപ്പറ വളരെ ഇഷ്ടമാണെന്നും മിലെ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Italy grants citizenship to Argentina’s President Javier Milei, who opposes migration