| Friday, 29th June 2012, 9:17 am

വര്‍ണ്ണവെറിയന്മാര്‍ക്ക് ബലോട്ടെല്ലിയുടെ മറുപടി; ജര്‍മ്മനിയെ തകര്‍ത്ത് ഇറ്റലി യൂറോ ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴ്‌സ: ജര്‍മ്മന്‍ പടയെ തുരത്തി ഇറ്റലി യൂറോ കപ്പ് ഫൈനലില്‍. 20ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയും 36ാം മിനിറ്റില്‍ ത്രസിപ്പിക്കുന്ന ഷോട്ടിലൂടെ രണ്ടാം ഗോള്‍ നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ബലോട്ടെല്ലിയുടെ മിന്നുന്ന പ്രകടനം.

ഇറ്റലിയുടെ വിജയനായകനായതിലൂടെ  കറുത്തവര്‍ഗ്ഗക്കാരെ വംശീയാധിക്ഷേപം നടത്തിയവര്‍ക്കുള്ള മുഖത്തടിയായി മാറി. കറുപ്പിന്റെ സൗന്ദര്യവും കരുത്തും അറിയിച്ച ബലോട്ടെല്ലിയെ തന്നെ കിങ് കോങ് എന്ന് വിളിച്ചധിക്ഷേപിച്ചവര്‍ക്കും ജര്‍മന്‍ ഫുട്‌ബോള്‍ വരേണ്യതയ്ക്കുമാണ് കളിക്കളത്തിലൂടെ മറുപടി നല്‍കിയത്. ജര്‍മ്മനിയുടെ മെസ്യൂട്ട് ഒസില്‍ പെനാല്‍ട്ടിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ഇറ്റലിയെ തളക്കാന്‍ അതു പോരായിരുന്നു.

യൂറോയില്‍ പരാജയമറിയാത്ത ജര്‍മ്മനി മടങ്ങുന്നത് ഇറ്റലിയെ നിര്‍ണ്ണായക മത്സരങ്ങളിലൊന്നും പരാജയപ്പെടുത്താനാകാത്ത നാണക്കേടും കൊണ്ടാണ്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് വിജയിച്ച ഇറ്റലി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ സ്‌പെയിനാണ് എതിരാളികള്‍. പോര്‍ച്ചുഗലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2ന് കീഴ്‌പ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്.

മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബലോട്ടെല്ലി ആദ്യ പകുതിയില്‍ നടത്തിയ ഇരട്ടയാക്രമണം ജര്‍മ്മനിയുടെ പോരാട്ടവീര്യത്തെ തന്നെ കെടുത്തിക്കളഞ്ഞു. ഇറ്റാലിയുടെ മോണ്ടോലിവോയുടെയും കസാനോയുടെയും ലോങ് പായുകളുടെയും ഷോട്ടുകളുടെയും ഇടക്കാണ് ബലോട്ടെല്ലിയുടെ ആക്രമണം. ഇടതുവിങ്ങിലൂടെ മുന്നേറിയ കസാനോ ജര്‍മ്മന്‍ പ്രതിരോധ മതില്‍ തകര്‍ത്ത് നല്‍കിയ ക്രോസാണ് ബലോട്ടെല്ലി ഗോളാക്കി മാറ്റിയത്. ജര്‍മ്മന്‍ പ്രതിരോധനിയിലെ മാറ്റ്‌സ് ഹമ്മല്‍സ് വരുത്തിയ വീഴ്ചയാണ് ഗോളിന് കാരണമായത്. തനിക്ക് നേരെ ഉയര്‍ന്നുവന്ന ക്രോസ്, ഡിഫന്‍ഡര്‍ ബാഡ്സ്റ്റ്യൂബറെ മറികടന്ന് ഹെഡ്ഡറിലൂടെ ബലോട്ടെല്ലി വലയിലെത്തിച്ചു.

കസാനോയെ പൊതിഞ്ഞുന്ന ജര്‍മന്‍ പ്രതിരോധ നിര ബോക്‌സിള്ളില്‍ വേണ്ടത്ര മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നതാണ് ബലോട്ടെല്ലിയെ തുണച്ചത്. ആദ്യഗോള്‍ വഴങ്ങിയ ജര്‍മനി ഉണര്‍ന്ന് കളിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ജെറോം ബോട്ടെങ്ങിന്റെ ക്രോസില്‍ ലൂക്കാസ് പൊഡോള്‍സ്‌കി സുവര്‍ണാവസരം തുലച്ചു കളഞ്ഞു. തുടര്‍ന്ന് അടുത്ത നിമിഷം സമി ഖെദീരയുടെ ലോങ് ഷോട്ട് ബഫണ്‍ ഒരുവിധമാണ് തട്ടിയകറ്റുകയത്.

രണ്ടാം ഗോള്‍ ബലോട്ടെല്ലി ആഘോഷിച്ചത് തന്നെ അധിക്ഷേപിച്ച മുഴുവന്‍ വര്‍ണവെറിയന്മാര്‍ക്കുമുള്ള മറുപടിയായിരുന്നു. 36ാം മിനിറ്റിലായിരുന്നു ജര്‍മ്മന്‍ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ബലോട്ടെല്ലിയുടെ രണ്ടാം ഗോള്‍. മധ്യനിരയില്‍നിന്ന് കിട്ടിയ ത്രൂപാസ് സ്വീകരിച്ച് ബലോട്ടെല്ലി കുതിച്ചപ്പോള്‍ പ്രതിരോധ നിരക്ക് ആ കുതിപ്പിനെ തളക്കാനായില്ല. പന്തുമായി മുന്നേറിയ ബലോട്ടെല്ലി തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ജര്‍മന്‍ ഗോളി ന്യൂയറെയിക്ക് പ്രതിരോധിക്കാന്‍ പോലുമായില്ല.

ഗോള്‍ നേടിയ ബലോട്ടെല്ലി ജഴ്‌സിയൂരി മസില്‍പെരുപ്പിച്ച് നിന്നപ്പോള്‍ തകര്‍ന്നത് വര്‍ണ്ണവെറിയന്മാരുടെയും ഇറ്റാലിയന്‍ പത്രം ഡെല്ല ഗസറ്റോയുടെയും തിളക്കമായിരുന്നു. ഡെല്ല ഗസറ്റോ തന്നെ കിങ് കോങ്ങിനോട് ഉപമിച്ചതിന് പ്രതികാരമായി, തന്റെ വിശ്വരൂപം കാട്ടി ബലോട്ടെല്ലി പരിഹസിച്ചു.

2000നുശേഷം ആദ്യമായാണ് ഇറ്റലി യൂറോയുടെ ഫൈനലിലെത്തുന്നത്. നിറത്തിന്റെ പ്രതിഭയെ അവഹേളിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ബലോട്ടെല്ലിയുടെ ഈ വിജയം. യൂറോയുടെ സെമിഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം കൂടിയായി ബലോട്ടെല്ലി മാറി. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നായി 3 ഗോള്‍ നേടിയ ബലോട്ടെല്ലി ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇറ്റാലിയന്‍ താരത്തിന്റെ റെക്കോഡിനൊപ്പവുമെത്തി. കസാനോയുടെ റെക്കോഡിനൊപ്പമാണ് ബലോട്ടെല്ലിയെത്തിയത്.

We use cookies to give you the best possible experience. Learn more