| Thursday, 28th December 2023, 8:46 pm

വെസ്റ്റ് ബാങ്കിലെ കുടിയേറ്റ നേതാവിനെ ഇസ്രഈൽ അംബാസിഡറായി നിയമിക്കുന്നതിൽ ആശങ്കയുമായി ഇറ്റലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇറ്റലിയിലെ അടുത്ത ഇസ്രഈൽ അംബാസിഡറുടെ നിയമനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇറ്റാലിയൻ സർക്കാർ. ഇസ്രഈൽ അംബാസിഡറായി തെരഞ്ഞെടുത്ത ബെന്നി കഷ്രീൽ 31 വർഷമായി വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അധിനിവേശ കുടിയേറ്റമായ മാലെ അഡുമിന്റെ മേയർ ആയിരുന്നു.

ഇറ്റലിയിലേക്കുള്ള ഇസ്രഈൽ അംബാസിഡറായി ജൂലൈയിൽ ഇസ്രഈൽ വിദേശകാര്യ മന്ത്രി എലി കോഹനാണ് കഷ്രീലിനെ തെരഞ്ഞെടുത്തത്. എന്നാൽ നിയമനം ഇറ്റലി ഇതുവരെ അംഗീകരിച്ചിട്ടില്ല.

മുതിർന്ന കുടിയേറ്റ നേതാവായി കണക്കാക്കുന്ന ഒരാളെ നിയമിക്കുന്നതിൽ അതൃപ്തിയുണ്ടെന്നും അത് തങ്ങൾ യൂറോപ്യൻ യൂണിയനിൽ അപമാനിക്കപ്പെടാൻ കാരണമായേക്കുമെന്നും ഇറ്റലി അനൗദ്യോഗികമായി ഇസ്രഈലിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു.

കുടിയേറ്റ പ്രസ്ഥാനത്തിന്റെ ഭാഗമായ യേഷ കൗൺസിലിന്റെ അധ്യക്ഷനുമായിരുന്നു കഷ്രീൽ.

ഇസ്രഈലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ജോർജിയ മേലോണിയുടെ വലതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം ഉണ്ടായതിന്റെ ഞെട്ടലിലാണ് ഇസ്രഈൽ. അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ കുടിയേറ്റം നിയമവിരുദ്ധമാണ്. യൂറോപ്യൻ യൂണിയനിലും അധിനിവേശ കുടിയേറ്റത്തിന്റെ കാര്യത്തിൽ സമവായമാണ്. ഇതാകാം മാറി ചിന്തിക്കാൻ മെലോണിയെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.

പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രഈൽ. എന്നാൽ ഇത് പ്രയാസമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

നവംബർ അവസാനത്തിൽ ഹമാസിനെതിരെയുള്ള ആക്രമണത്തിലും ലക്ഷ്യം കൈവരിക്കാൻ നടത്തുന്ന രീതികളിലും അന്താരാഷ്ട്ര കാഴ്ചപ്പാടിനെ ഇസ്രഈൽ പരിഗണിക്കണമെന്ന് ഇസ്രഈൽ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞിരുന്നു.

അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സിവിലിയന്മാരുടെ കാര്യം ഗൗരവത്തോടെ കാണണമെന്നും തജാനി പറഞ്ഞിരുന്നു.

നേരത്തെ യേഷ കുടിയേറ്റ കൗൺസിലിൽ അംഗമായ ഡാനി ഡയാനെ ഇസ്രഈലിന്റെ അംബാസിഡറായി നിയമിക്കുന്നതിനോട്‌ ബ്രസീലും വിസമ്മതിച്ചിരുന്നു.

Content Highlight: Italy ‘concerned’ by Israel’s choice of settler leader as ambassador

We use cookies to give you the best possible experience. Learn more