റോം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചാറ്റ് ജി.പി.ടിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ചാണ് ചാറ്റ് ജി.പി.ടിക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഇറ്റാലിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേറ്റര്‍ അതോറിറ്റി അറിയിച്ചതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാറ്റ് ജി.പി.ടി നിരോധിക്കുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമാണ് ഇറ്റലി. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇറ്റലിയിലെ പ്രവര്‍ത്തനം മരവിപ്പിച്ചതായി ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ പ്രസ്താവനയിറക്കി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വലിയ തോതിലുള്ള ഡാറ്റ കൈമാറ്റമാണ് ചാറ്റ് ജി.പി.ടി നടത്തുന്നതെന്ന് ഇറ്റാലിയന്‍ റെഗുലേറ്ററി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഉപയോക്താക്കളുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ വെരിഫൈ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിക്കുന്നില്ലെന്നും 13 വയസിന് താഴെയുള്ള കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നത് തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും സര്‍ക്കാര്‍ ഡാറ്റ റെഗുലേറ്ററിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിരോധനത്തില്‍ മറുപടി നല്‍കാന്‍ ഓപ്പണ്‍ എ.ഐക്ക് 20 ദിവസത്തെ സമയം അനുവദിച്ചെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ പിഴ ചുമത്തലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോഞ്ച് ചെയ്തതിന് ശേഷം ആഗോള ടെക് മാര്‍ക്കറ്റില്‍ വലിയ മുന്നേറ്റം നടത്താന്‍ ചാറ്റ് ജി.പി.ടിക്കായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചാറ്റ് ജി.പി.ടി നിരോധിക്കണമെന്ന് ആവശ്യവുമായി ഇലോണ്‍ മസ്‌ക് അടക്കമുള്ള ആളുകളും രംഗത്തെത്തിയിരുന്നു.
സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മിത ബുദ്ധിക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും നിയമം പാസാക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ന്യൂയോര്‍ക് പബ്ലിക് സ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റും പ്രൈവസി പോളിസികളെ മുന്‍നിര്‍ത്തി ചാറ്റ് ജി.പി.ടി നേരത്തെ നിരോധിച്ചതായും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: italy bans chat gpt ai