ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ മോചിപ്പിച്ചു. ഇറ്റാലിയന്‍ സ്വദേശിയായ കൗഡിയോ കൊളാഞ്ചലോയയെ ആണ് പത്തു ദിവസത്തെ തടവിന് ശേഷം മോചിപ്പിച്ചത്. ബോസുസ്‌കോ പൗലോ എന്ന ഇറ്റാലിയന്‍ വിനോദ സഞ്ചാരിയെ ഇപ്പോഴും ബന്ദിയാക്കിവെച്ചിരിക്കുകയാണ്.
കാണ്ഡമാല്‍ ജില്ലയില്‍ നിന്നും മാര്‍ച്ച് 14നാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. തങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമടക്കം 13 ആവശ്യങ്ങളാണ് മാവോയിസ്റ്റുകള്‍ വിനോദ സഞ്ചാരികളുടെ മോചനത്തിനായി ഉന്നയിച്ചിരുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു വരവെയാണ് ഇന്നലെ ഭരണ കക്ഷിയായ ബിജു ജനതാദള്‍ എം.എല്‍.എയായ ജിന ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. ഇതോടെ വിനോദ സഞ്ചാരികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരുന്നു.
വീട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ തൊയാപുതില്‍ വച്ച് ആയുധധാരികളായ മാവോവാദികള്‍ ജിന ഹികാകയുടെ കാര്‍ വളയുകയായിരുന്നു. എം.എല്‍.എയുടെ ഗണ്‍മാനെയും ഡ്രൈവറെയും വിട്ടയച്ചിരുന്നു. ഇതാദ്യമായാണ് ഒഡീഷയില്‍ നിന്നും ഒരു എം.എല്‍.എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോവുന്നത്.