| Saturday, 6th June 2020, 8:54 am

ലെനിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനും മാല്‍കം എക്‌സിനുമൊപ്പം ഇനി ജോര്‍ജ് ഫ്‌ളോയ്ഡും: ഇറ്റാലിയന്‍ തെരുവുകളില്‍ നിന്നൊരു പ്രതിഷേധ ചുമര്‍ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നേപ്പിള്‍സ്: ലെനിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനും മാല്‍കം എക്‌സിനും ആഞ്ചെല ഡേവിസിനുമൊപ്പം ജോര്‍ജ് ഫ്‌ളോയ്ഡിനെയും ചേര്‍ത്തുവരച്ച് ഇറ്റാലിയന്‍ ചിത്രകാരന്‍ ജോറിത് അഗോഷ്. ‘ടൈം ടു ചേയ്ഞ്ച് ദ വേള്‍ഡ്’ എന്നാണ് ജോറിത് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പൊലീസ് കഴുത്തുഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അവസാന വാക്കുകളായ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പിനോടൊപ്പമാണ് തന്റെ പുതിയ ചിത്രം ജോറിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അവസാന വാക്കുകളായ ‘എനിക്ക് ശ്വാസം മുട്ടുന്നു’ ഇപ്പോള്‍ അമേരിക്കയിലെ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പ്രസ്താവനയും മുദ്രാവാക്യവുമായി മാറിയിരിക്കുകയാണെന്നും ജോറിത് പറയുന്നു.

ദുര്‍ബലരോട് അതിക്രൂരമായി പെരുമാറുന്ന സമൂഹവ്യവസ്ഥ നടത്തിയ ശിക്ഷിക്കപ്പെടാത്ത കൊലപാതകം എന്നാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെക്കുറിച്ച് ജോറിത് കുറിച്ചത്. കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുള്ള വംശീയതക്കെതിരെയുള്ള ഹാഷ്ടാഗുകള്‍ക്കൊപ്പം #anticapitalism എന്നും ജോറിത് ചേര്‍ത്തിട്ടുണ്ട്.

ജോറിതിന്റെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ ഏറ്റവും രാഷ്ട്രീയമായി വരച്ചുവച്ച ചിത്രമാണിതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യക്തികളുടെ കൂറ്റന്‍ പോട്രേയ്റ്റുകള്‍ തെരുവുകളിലെ ചുമരുകളില്‍ വരച്ച് ലോകശ്രദ്ധ നേടിയ കലാകാരനാണ് ജോറിത്. മുന്‍പ് ചെഗുവേരയുടെയും പലസ്തീനിലെ അഹദ് തമീമിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിരുന്നു.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ അമേരിക്ക മുഴുവന്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ഉറപ്പാക്കണമെന്നും വംശീയതയും വര്‍ണ്ണവെറിയും നിറുത്തണമെന്നും ആവശ്യപ്പെട്ട് പ്രശസ്തരടക്കം നിരവധി പേരാണ് രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ #Ican’tbreathe #blacklivesmatter എന്നീ ഹാഷ്ടാഗുകള്‍ ഷെയര്‍ ചെയ്തത് ലക്ഷകണക്കിന് പേരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more