[]ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സി സ്ഥിരനിക്ഷേപമായി കെട്ടിവെച്ചിരുന്ന മൂന്ന് കോടി രൂപ കപ്പല്‍ കമ്പനിക്ക് തന്നെ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. []
ബോണ്ടിന് പുറമെ നല്‍കിയ തുകയാണ് വിട്ടുകൊടുക്കണമെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പൊന്നും ഉന്നയിച്ചില്ല.
മൂന്ന് കോടി രൂപ രണ്ടാഴ്ചയ്ക്കകം പലിശ സഹിതം മടക്കി നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കെട്ടിവെച്ച തുക തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പല്‍ കമ്പനി കോടതിയെ സമീപിച്ചിരുന്നു.
2012 ഫെബ്രുവരി പതിനഞ്ചിനാണ് എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. മെയ് 5ന് ഹെക്കോടതി അനുമതിയോടെ കപ്പല്‍ കൊച്ചി തീരം വിട്ടപ്പോള്‍ 3 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിച്ചിരുന്നു.
കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഇറ്റലി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെത്തിയ ഇറ്റാലിയല്‍ വിദേശകാര്യ സെക്രട്ടറി സ്‌റ്റെഫാന്‍ ഡി മിസതുര ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റലിയുടെ നാവികര്‍ക്കതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം തുടങ്ങാന്‍ വൈകുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കേസ് രേഖകള്‍ പരിഭാഷപ്പെടുത്താനും സാക്ഷികളെ വിസ്തരിക്കാനുമെടുക്കുന്ന കാലതാമസമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.
നിലവില്‍ പ്രധാനപ്പെട്ട പല രേഖകളും മലയാളത്തിലും ഇറ്റാലിയനിലുമാണുള്ളത്. കേരളത്തിലാണ് സംഭവം നടന്നതെന്നതിനാല്‍ എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിരിക്കുന്നത് മലയാളത്തിലാണ്.
ഇറ്റലിയുടെ നാവികര്‍ സഞ്ചരിച്ചിരുന്ന “എന്റിക ലെക്‌സി” എന്ന കപ്പലിലെ ലോഗ് ബുക്ക് വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയും ഇറ്റാലിയനിലോ മലയാളത്തിലോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സമയമെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയവക്താക്കള്‍ അറിയിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലാണ് കൊല്ലം നീണ്ടകരയില്‍നിന്ന് മീന്‍ പിടിക്കാന്‍പോയ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനൊ ലത്തോറെ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.