| Tuesday, 17th September 2013, 12:54 pm

കടല്‍ക്കൊല: അന്വേഷണം വഴിമുട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇറ്റാലിയന്‍ കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേസന്വേഷണത്തില്‍ ഇറ്റലിയുടെ സഹകരണം ലഭിക്കാത്തതാണ് കേസന്വേഷണം പ്രതിസന്ധിയിലാകാന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം.

ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസിലെ തുടര്‍ നടപടികളുടെ   കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം തേടും.

കേസിലെ പ്രധാന സാക്ഷികളായ ഇറ്റലിക്കാരായ നാലു മറീനുകളെ ചോദ്യം ചെയ്യാന്‍ സാഹചര്യം ലഭിക്കാത്തതിനാലാണ് അന്വേഷണം പ്രതിസന്ധിയിലായത്.

വിഡിയോ കോണ്‍ഫറന്‍സിലൂടെയോ ചോദ്യാവലി അയച്ചു നല്‍കിയോ നാവികരെ ചോദ്യം ചെയ്യാമെന്നായിരുന്നു ഇറ്റലിയുടെ നിലപാട്. എന്നാല്‍ ഇതു സ്വീകാര്യമല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.

കടല്‍ക്കൊല കേസിലെ അന്വേഷണത്തിനായി എന്ററികാ ലെക്‌സി കപ്പലിലെ സാക്ഷികളായ നാല് നാവികരെ എന്‍.ഐ.എക്ക് മുമ്പില്‍ ഹാജരാക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു.

അതിനായി ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി.

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ ഏംബസിയില്‍ കഴിയുന്ന നാവികരെ എന്‍.ഐ.എ സംഘം ദല്‍ഹിയിലെത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ ഭൂരിഭാഗം സാക്ഷികളില്‍ നിന്നും മൊഴിയെടുത്തു. ഇനി എന്‍ട്രികാലെക്‌സി കപ്പലില്‍ ഉണ്ടായിരുന്ന നാല് നാവികരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്.

എന്നാല്‍ ഇവരെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലേക്ക് അയക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇറ്റലി. സാക്ഷികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കാനാകില്ലെന്നും, അന്വേഷണസംഘത്തെ റോമിലേക്ക് അയക്കമെന്നുമാണ് ഇറ്റലിയുടെ നിലപാട്.

Latest Stories

We use cookies to give you the best possible experience. Learn more