റോം: ഇറ്റലിയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ പ്രധാനമന്ത്രി മരിയോ ഡ്രാഘി സമര്‍പ്പിച്ച രാജി സ്വീകരിക്കാതെ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല. വ്യാഴാഴ്ചയായിരുന്നു രാജ്യത്തലവനായ പ്രസിഡന്റ് പ്രധാനമന്ത്രിയുടെ രാജി നിരസിച്ചത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നും പ്രധാനമന്ത്രിയോട് പ്രസിഡന്റ് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പ്രസ്താവന സെര്‍ജിയോ മാറ്റരെല്ലയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ പ്രസിഡന്റിന്റെ നീക്കത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ മരിയോ ഡ്രാഘി തീരുമാനിച്ചത്. സഖ്യകക്ഷി സര്‍ക്കാരിന് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് എന്ന പാര്‍ട്ടി നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു രാജി തീരുമാനം.
വിലക്കയറ്റത്തെ നേരിടുന്നത് സംബന്ധിച്ച തന്റെ പദ്ധതിയിന്മേല്‍ നടത്തുന്ന വിശ്വാസ വോട്ടെടുപ്പില്‍ മരിയോ ഡ്രാഘി സര്‍ക്കാരിനെ പിന്തുണക്കാന്‍ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് വിസമ്മതിച്ചതോടെയായിരുന്നു നീക്കം. 23 ബില്യണ്‍ യൂറോയുടെ (19.5 ബില്യണ്‍ പൗണ്ട്) സാമ്പത്തികസഹായ പദ്ധതിയായിരുന്നു ഇത്.
എന്നാല്‍ ഇറ്റലിയിലെ ജനങ്ങള്‍ക്ക് വേണ്ടത്ര സഹായം സര്‍ക്കാരോ പ്രധാനമന്ത്രിയോ നല്‍കുന്നില്ല എന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല എന്നുമായിരുന്നു ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ആരോപിച്ചത്.
2021 ഫെബ്രുവരിയിലായിരുന്നു മരിയോ ഡ്രാഘി സഖ്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. കൊവിഡാനന്തരം രാജ്യത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് ഡ്രാഘിയെ നിയമിച്ചത്.
Content Highlight: Italian President Sergio Mattarella rejects PM Mario Draghi’s resignation