റോം: ഇറ്റാലിയൻ മാർക്സിസ്റ്റ് തത്വചിന്തകനും ഇടത് രാഷ്ട്രീയ ചിന്തകനുമായ അന്റോണിയോ നെഗ്രി അന്തരിച്ചു. 90 വയസായിരുന്നു. പാരീസിൽ വെച്ചായിരുന്നു അന്ത്യം.
ഇറ്റലിയിലെ ഇടത് മുന്നേറ്റത്തിന്റെ അമരക്കാരനും മാർക്സിസ്റ്റ് പ്രസ്ഥാനമായ ‘ഓട്ടോണോമിയ ഓപ്പറയ്യയുടെ’ (വർക്കേഴ്സ് ഓട്ടോണമി) നേതാവുമായിരുന്നു അദ്ദേഹം. 90 വയസിൽ മരണപ്പെടുന്നതുവരെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
വടക്കൻ ഇറ്റലിയിലെ പാദ്വയിൽ ജനിച്ച നെഗ്രി കത്തോലിക്കനായായിരുന്നു വളർന്നത്. പഠനകാലത്ത് തൊഴിലാളി സംഘടനകൾ രൂപീകരിക്കുകയും സമരങ്ങൾ സംഘടിപ്പിക്കുകയും മാനിഫെസ്റ്റോകൾ എഴുതുകയും ചെയ്ത നെഗ്രി 33-ാം വയസിൽ പൊളിറ്റിക്കൽ തിയറിയിൽ പ്രൊഫസറായി.
1960-70 കാലയളവിൽ ഇറ്റാലിയൻ ഇടതുപക്ഷത്തിന്റെ പ്രധാന സൈദ്ധാന്തികനും മുൻനിര വ്യക്തിത്വവുമായിരുന്നു അദ്ദേഹം. മുതലാളിത്ത സമൂഹത്തെ തകർക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നെഗ്രിയെക്കുറിച്ച് ഡോ. പി.കെ. പോക്കർ ‘മാർക്സ് മുതൽ നെഗ്രി വരെ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
1978ൽ മുൻ പ്രധാനമന്ത്രി ആൽഡോ മോറോയെ തീവ്ര ഇടതുപക്ഷ വാദികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ നിയമങ്ങൾ ചുമത്തി നെഗ്രിയെ അറസ്റ്റ് ചെയ്തിരുന്നു.
1983ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ജയിൽ ശിക്ഷയിൽ നിന്ന് മോചനം നേടിയ നെഗ്രി ഫ്രാൻസിലേക്ക് കടന്നു. 1990കളുടെ അവസാനം സ്വയം കീഴടങ്ങിയ നെഗ്രി ശേഷിക്കുന്ന ശിക്ഷാ കാലാവധി അനുഭവിച്ചു.
2003ൽ മോചിതനായ നെഗ്രി ഫ്രാൻസിലേക്ക് കുടിയേറി. ശിഷ്ട കാലം അവിടെയാണ് ജീവിച്ചത്.
Content Highlight: Italian philosopher Antonio Negri dies at age of 90