കടല്‍ക്കൊല: നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി
Kerala
കടല്‍ക്കൊല: നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th December 2012, 12:45 am

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ജിയാം പൗളോ ഡി പൗളോ. ക്രിസ്തുമസിന് നാവികര്‍ നാട്ടിലെത്തേണ്ടത് അനിവാര്യമാണെന്നും ജിയാം പൗളോ വ്യക്തമാക്കി.[]

ഇന്നലെ രാത്രിയാണ് ജിയാം പൗളോ ഇന്ത്യയിലെത്തിയത്. നാവികര്‍ക്ക് ക്രിസ്തുമസ് ആശംസിക്കാനാണ് നാട്ടിലെത്തിയതെന്ന് ജിയാം പറഞ്ഞു. ആഘോഷങ്ങളുടെ വില മനസ്സിലാക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേസില്‍ കോടതിയില്‍ പെട്ടന്ന് തീര്‍പ്പുണ്ടാകുമെന്ന് കരുതുന്നതായും ജിയാം പൗളോ പറഞ്ഞു.

അന്തര്‍ദേശീയ നിയമം അനുസരിച്ച് പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതിയെ ബഹുമാനിക്കുന്നുവെന്നും ജിയാം പൗളോ പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് നാവികരുടെ ഹരജി പരിഗണിക്കാനിരിക്കുന്നത്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്നും ഇതിന് കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികര്‍ നല്‍കിയ ഹരജി പരിഗണിക്കാനിരിക്കേയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. അതേസമയം ക്രിസ്തുമസിന് മുമ്പ് നാവികരെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഇന്ത്യയ്ക്ക് ഇറ്റലി മുന്നറിയിപ്പ് നല്‍കിയിരുന്നു.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്തു നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തു.

ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.