| Friday, 12th September 2014, 1:49 pm

ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളില്‍ ഒരാളായ ലെസ്റ്റോറെ മാര്‍സി മിലാനോവിന് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. നാലു മാസത്തേക്ക് ആണ് അനുമതി നല്‍കിയിരിക്കുന്നത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി ഇറ്റലിയിലേക്ക് പോവണമെന്ന നാവികന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ കേന്ദ്രം എതിര്‍ത്തിരുന്നില്ല.

എന്നാല്‍, നാവികനെ മടക്കിയയക്കുന്ന കാര്യത്തില്‍ ഇറ്റലിയില്‍ നിന്ന് കൃത്യമായ ഉറപ്പുവേണമെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചു. ഇതേതുടര്‍ന്ന് സത്യവാങ്മൂലം സമര്‍പിക്കാന്‍ നാവികനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമെ കോടതിയുടെ ഉത്തരവ് പ്രാബല്യത്തില്‍ വരികയുള്ളു.

മാനുഷിക പരിഗണന കണക്കിലെടുത്ത് നാവികരെ ഇറ്റലിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം തള്ളിയക്കളയാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2012 ഫിബ്രവരി 15നാണ് മലയാളി മത്സ്യതൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റിന്‍ എന്നിവരെ പുറംകടലില്‍ വെച്ച് നാവികര്‍ വെടിവെച്ചു കൊന്നത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നായിരുന്നു മത്സ്യതൊഴിലാളികള്‍ക്ക് വെടിയേറ്റത്.

We use cookies to give you the best possible experience. Learn more