| Monday, 28th April 2014, 9:43 am

തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ഷോപ്പിങ് ഉള്‍പ്പെടെ സുഖവാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ രണ്ട് നാവികരുടെ കഷ്ടപ്പാടുകളെ കുറിച്ച് വാദിക്കുമ്പോള്‍ അവര്‍ മാളുകളില്‍ ഷോപ്പിങ് നടത്തിയും ചാറ്റ് ചെയ്തും സുഖമായി കഴിയുകയാണ്. കടല്‍ക്കൊലക്കേസില്‍ തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ സാല്‍വറ്റോര്‍ ഗിറോണെ, മാസിമിലാനോ ലറ്റോറെ എന്നിവര്‍ക്കാണ് ജയിലില്‍ കഴിയുമ്പോഴും ഫോണ്‍, ഇന്റര്‍നെറ്റ്, ഷോപ്പിങ് എന്നിവ ഉള്‍പ്പെടെയുള്ള സുഖവാസം.

ഇന്ത്യയിലെ ഒരു കൊലക്കേസ് പ്രതിക്കും കിട്ടാത്ത സൗകര്യങ്ങളാണ് ഈ ഇറ്റാലിയന്‍ നാവികര്‍ അനുഭവിക്കുന്നത്. കുടുസുമുറി തടവറയ്ക്ക് പകരം  ദല്‍ഹി ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയിലെ ഗെസ്റ്റ്ഹൗസിലാണ് ഇവരുടെ തടവറ ഒരുക്കിയിരിക്കുന്നത്.  ഒരു ആധുനിക ഭവനത്തില്‍ വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഇവരുടെ മുറികള്‍. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏതു സമയവും ഇവിടെ വന്ന് ഇവരെ സന്ദര്‍ശിക്കാനും സൗകര്യമുണ്ട്.

ഇക്കഴിഞ്ഞ 25 ന് ഇറ്റലിയുടെ സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മറീനുകള്‍ക്കും ആശംസ അറിയിച്ച് സാല്‍വറ്റോര്‍ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യം അകലെയല്ലെന്ന സന്ദേശവും ഇതോടൊപ്പം അറിയിച്ചിരുന്നു. ഇവരുടെ മോചനം ആവശ്യപ്പെട്ട് ഇറ്റലിയില്‍ മോട്ടോര്‍സൈക്കിള്‍ റാലി നടത്തുന്നവര്‍ക്ക് ഫേസ്ബുക്കിലൂടെ നന്ദിയും അറിയിച്ചു.

തടവുകാര്‍ക്ക് മക്കളുടെ കല്യാണത്തിന് പോലും ഒരു ദിവസം പരോള്‍ കിട്ടാന്‍ നിരവധി പേരുടെ കാലു പിടിക്കണമെങ്കില്‍ മാസിമിലാനോയുടെ കല്യാണ നിശ്ചയം നയതന്ത്ര പ്രതിനിധികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഗംഭീര പാര്‍ട്ടി സഹിതമാണ് ഇവിടെ വെച്ച് നടന്നത്്. പതിവായി ജിമ്മിലും കഫേകളിലും പോകുന്ന ഇവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ദല്‍ഹി ചാണക്യപുരി പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് ഒപ്പുവെച്ചാല്‍ മതി.

ഇറ്റാലിയന്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകരായ ഇരുവരും തങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൃത്യമായി സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാറുമുണ്ട്. അതേ സമയം ഇറ്റാലിയന്‍ നാവികരുടെ നിലവിലെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഇറ്റലി ആവശ്യപ്പെടുന്നത്.

അതിനിടെ നാവികരെ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രെഡി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ദല്‍ഹി പാട്യാല കോടതിയില്‍ വെച്ച് വിചാരണ നടത്തുന്നത് കേസ് പ്രതികളെ സഹായിക്കാനാണെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

We use cookies to give you the best possible experience. Learn more