[] ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ആയുധധാരികളായിരുന്നുവെന്ന് റിപ്പോര്‍ട്ടു നല്‍കാന്‍ എന്റിക ലെക്‌സിയുടെ ക്യാപ്റ്റനെ മറീനുകള്‍ നിര്‍ബന്ധിച്ചതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെയുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്നുള്ള നിയമ നടപടികളില്‍നിന്നും രക്ഷപ്പെടാന്‍ രാജ്യാന്തര മാരിടൈം സുരക്ഷാ സംഘടനയ്ക്ക് വ്യാജ റിപ്പോര്‍ട്ടു നല്‍കാന്‍ ഇറ്റാലിയന്‍ മറീനുകള്‍ എന്റിക ലെക്‌സിയുടെ ക്യാപ്റ്റനെ നിര്‍ബന്ധിച്ചതായാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. മറീനുകളുടെ ഇതുവരെയുള്ള വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്ന എന്‍.ഐ.എയുടെ നിര്‍ണായ കണ്ടെത്തല്‍ കടല്‍ക്കൊലകേസില്‍ വഴിത്തിരിവുണ്ടാക്കും.
സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന ആറു മല്‍സ്യത്തൊഴിലാളികള്‍ ആയുധാരികളായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് അവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ മറീനുകള്‍ ക്യാപ്റ്റനെ നിര്‍ബന്ധിച്ചു. ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തരമൊരു ഇ മെയില്‍ സന്ദേശം രാജ്യാന്തര മാരിടൈം സുരക്ഷാ സംഘടനയ്ക്ക് നല്‍കിയതായി എന്‍.ഐ.എ നടത്തിയ ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ സമ്മതിച്ചു.
കേസില്‍ സാക്ഷിയാകാന്‍ ക്യാപ്റ്റന്‍ വിസമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളും നിരായുധരായിരുന്നുവെന്ന് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.