ന്യൂദല്‍ഹി: കടലിലെ കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. നാവികര്‍ക്ക് കേരളം വിട്ടുപോകാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
ദല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് നാവികരെ താമസിപ്പിക്കാം. ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. നാവികരുടെ പാസ്‌പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രത്യേക കോടതി സ്ഥാപിക്കുംവരെ കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതിയുടെ കീഴിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി.[]
നാവികര്‍ കൊച്ചി വിട്ടുപോകരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നാവികര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ കേരളപോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ലെന്ന നാവികരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മാരിടൈം നിയമമനുസരിച്ച് വിചാരണ നടത്തണമെന്നും ഇതിനായി ദല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നാവികരുടെ ആവശ്യം കോടതി തള്ളി. ഇവര്‍ക്കെതിരായുള്ള കേസ് നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.
ഇതോടെ കടല്‍ക്കൊല കേസില്‍ കേരളത്തിലെ എല്ലാ നിയമനടപടികളും അവസാനിക്കുകയാണ്. നാവികരെ ഉടന്‍ തന്നെ ഡല്‍ഹിയിലേയ്ക്കു മാറ്റാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.
2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.
വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.
കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റലിയുടെ വാദം. ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലിയോന, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.