| Thursday, 17th June 2021, 7:42 pm

കൊക്ക കോളയോടുള്ള കലിപ്പ് തീരാതെ ഫുട്ബോള്‍ താരങ്ങള്‍; കോളയുടെ ബോട്ടില്‍ എടുത്തുമാറ്റി ഇറ്റാലിയന്‍ താരവും

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റുഡിയോ ഒളിംപിക്കോ: കൊക്ക കോളയോട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് എന്താണ് ഇത്ര കലിപ്പ് എന്നാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. ആ തരത്തിലുള്ള എട്ടിന്റെ പണിയാണ് യൂറോ കപ്പിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ കൊക്ക കോളക്ക് ഈയിടെ ലഭിക്കുന്നത്.

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ വാര്‍ത്ത സമ്മേളനത്തിനിടെയുണ്ടായ ക്ഷീണത്തിന് പിന്നാലെ വീണ്ടും കോളയുടെ കുപ്പി എടുത്തുമാറ്റിയിരിക്കുകയാണ് ഇറ്റലിയുടെ സൂപ്പര്‍താരം മാന്വല്‍ ലൊകാടെല്ലി.

സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ലൊകാടെല്ലി കൊക്കകോളയുടെ കുപ്പികള്‍ നീക്കിവെച്ചത്. കോളയുടെ കുപ്പികള്‍ മാറ്റി കുടി വെള്ളത്തിന്റെ കുപ്പി തന്റെ മുന്നില്‍ വെക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്കോകോളയുടെ കുപ്പികള്‍ എടുത്തുമാറ്റി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

സംഭവത്തിന് ശേഷം വിപണിയില്‍ കൊക്കകോളക്ക് തിരിച്ചടിയാണ് നേരിട്ടിത്. ഓഹരിയില്‍ കമ്പനിക്ക് 1.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കൊക്കകോളയുടെ പ്രതിദിന മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായാണ് 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത്.
കോളയല്ല പച്ചവെള്ളമാണ് കുടിക്കേണ്ടതെന്ന റൊണാള്‍ഡോയുടെ ആംഗ്യം കോളക്ക് ഒറ്റ ദിവസത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.

ഓഹരി വിപണിയിലും കോളക്ക് നഷ്ടമുണ്ടായിട്ടുണ്ട്. 56.10 ഡോളറായിരുന്ന വില ഒരു ഓഹരിക്ക് 55.22 ഡോളറായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊക്കക്കോളയോ യുവേഫയോ റൊണാള്‍ഡോയുടെ നിലപാടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 1988 മുതല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പോണ്‍സറായി പങ്കാളിയായ കൊക്കകോളക്ക് എന്തായാലും വലിയ തിരിച്ചടിയാണ് ക്രിസ്റ്റ്യാനോയുടെ നടപടി കാരണമുണ്ടായത്.

ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ഫ്രാന്‍സ് താരം പോഗ്ബയും യൂറോ കപ്പിന്റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ ഹെയ്നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയിരുന്നു.

ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബിയര്‍ കുപ്പി എടുത്തുമാറ്റിയത്.

2019-ലാണ് പോഗ്ബ ഇസ്ലാം മതം സ്വീകരിച്ചത്. ബര്‍ത്ഡേ പാര്‍ട്ടികളില്‍ താന്‍ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HOGHLIHGTS: Italian footballer Manuel Locatelle has removed a bottle of cola in press conference

We use cookies to give you the best possible experience. Learn more