| Wednesday, 1st June 2022, 12:27 pm

ഒരു മോശം സീസണ്‍ അദ്ദേഹത്തെ ഇല്ലാതാക്കില്ല, ഇറ്റലി അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാവൂ; ഇറ്റലി - അര്‍ജന്റീന സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് മെസിയെ പുകഴ്ത്തി ഇറ്റാലിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പാ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോപ്പിന്റെ രാജാക്കന്‍മാരായ ഇറ്റലിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ മെസിയെ പുകഴ്ത്തി ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ലിയോനോര്‍ഡോ ബൊണൂച്ചി. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം തന്നെ മെസിയും ലോകത്തിലെ മികച്ച താരമാണെന്ന് അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല എന്നും ഒരു സീസണിലെ മോശം പ്രകടനം മെസിയുടെ ഫോമിനെ ഇല്ലാതാക്കില്ലെന്നും ബൊണൂച്ചി പറയുന്നു. കളക്കളത്തില്‍ മെസിയെ ബഹുമാനിക്കേണ്ടത് അനിവാര്യമാണെന്നും ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘മെസി ഒരുപാട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമാണ്. അദ്ദേഹത്തിന്റെ മഹത്വത്തേയും കളിമികവിനെയും വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിക്കുക പ്രയാസകരം തന്നെയാണ്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം തന്നെ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുകയാണ്.

എന്തുതന്നെയായാലും അദ്ദേഹത്തെ കളിക്കളത്തില്‍ ബഹുമാനിച്ചേ മതിയാവൂ. മെസിയെ നേരിടാന്‍ ഒറ്റയ്ക്കും ടീം എന്ന നിലയിലും ഒരുങ്ങിയിരിക്കണം. കിരീടം നേടിയ രണ്ട് ടീമുകളുടെ കൊമ്പുകോര്‍ക്കലാണ് നടക്കാന്‍ പോവുന്നത്. എനിക്കെന്റെ മികച്ചത് തന്നെ പുറത്തെടുക്കണം,’ ബൊണൂച്ചി പറയുന്നു.

ഫൈനലിസിമയില്‍ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ കോണ്‍മെബോളിനെ പ്രതിനിധീകരിച്ച് അര്‍ന്റീനയിറങ്ങുമ്പോള്‍ യൂറോപ്യന്‍ ഫെഡറേഷന്‍, യുവേഫയ്ക്ക് വേണ്ടിയാണ് അസൂറികളിറങ്ങുന്നത്.

ലണ്ടനിലെ വെംബ്ലിയിലാണ് മത്സരം. ജൂണ്‍ 2, ഇന്ത്യന്‍ സമയം 12.30നാണ് മത്സരം ആരംഭിക്കുക.

കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേിക്ക ഫൈനലില്‍ ബ്രസീലിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍മാരായത്. യൂറോകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു ഇറ്റലിയുടെ എതിരാളികള്‍. ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അസൂറിപ്പടയുടെ വിജയം.

ലയണല്‍ മെസി, ഡി പോള്‍, ഡി മരിയ, റോമേറൊ, മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയുടെ വജ്രായുധങ്ങള്‍. എന്തിനും പോന്നവരാണ് ഇപ്പോഴുള്ള അര്‍ജന്റൈന്‍ ടീമെന്ന് കഴിഞ്ഞ കോപ്പയില്‍ അവര്‍ തെളിയിച്ചതാണ്.

ജോര്‍ജീനൊ, ഗോള്‍കീപ്പര്‍ ഡോണറുമ്മ, ചെല്ലിനി, ബോണൂച്ചി, വെറാട്ടി, ഇമ്മോബീല്‍, ചീസ എന്നിവരാണ് ഇറ്റലിയുടെ പടക്കുതിരകള്‍.

യൂറോപ്പിന്റെ ചാമ്പ്യന്‍മാരായിട്ടും ഖത്തര്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിക്കാതെപോയതാണ് നിലവില്‍ ഇറ്റലിയുടെ പ്രതാപത്തിനേറ്റ ഏറ്റവും വലിയ കളങ്കം. ആ കളങ്കം കഴുകിക്കളയാനുള്ള സുവര്‍ണാവസരമാണ് ഫൈനലിസിമയില്‍ ഇറ്റലിക്ക് കൈവന്നിരിക്കുന്നത്.

ഇതുവരെ ഇരു ടീമുകളും 16 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറെണ്ണത്തില്‍ അര്‍ജന്റീനയും അഞ്ച് തവണ ഇറ്റലിയും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഇരുവരും ഏറ്റുമുട്ടിയ അവസാന നാല് മത്സരത്തില്‍ നാലിലും വിജയം ഇറ്റലിക്കൊപ്പമായിരുന്നു എന്നതും അസൂറികള്‍ക്ക് ആത്മവിശ്വാസമേറ്റുന്നു.

ഫുട്‌ബോള്‍ ലോകം വെംബ്ലിയിലേക്കുറ്റുനോക്കുമ്പോള്‍ രാജാക്കന്‍മാരുടെ രാജവ്, ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍ ആരാണെന്ന് വ്യക്തമാവും.

Content Highlight: Italian defender Leonardo Bonucci about Lionel Messi

We use cookies to give you the best possible experience. Learn more