കൊല്ലം: വര്‍ക്കലയില്‍ കൊവിഡ് ബാധിച്ച ഇറ്റാലിയന്‍ പൗരന്റെ പരിശോധനാഫലം നെഗറ്റീവ്. തുടര്‍ച്ചയായി നടന്ന പരിശോധനാഫലമാണ് നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു.
48 മണിക്കൂറിനിടെ നടന്ന പരിശോധനകളിലെ തുടര്‍ച്ചയായ രണ്ട് ഫലങ്ങളാണ് നെഗറ്റീവാണെന്ന് പറഞ്ഞത്.
നേരത്തെ ഇറ്റാലിയന്‍ പൗരന്റെ ഗൈഡിനും ഇയാള്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല എന്നും നേരത്തെ തെളിഞ്ഞിരുന്നു.
ഇയാളോട് നേരിട്ട് ഇടപഴകിയ 17 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. 30 സാമ്പിളുകളാണ് അയച്ചിരുന്നത്. ഇറ്റാലിയന്‍ പൗരനുമായി നേരിട്ട് ഇടപഴികിയ നൂറിലധികം പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു.
കൊല്ലത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന എട്ടു പേരുടെ ഫലവും നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.
കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു കൊവിഡ് 19 കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 28 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 25 പേര്‍ക്ക് നിലവില്‍ കൊവിഡ് ബാധയുണ്ടെന്ന് വാര്‍ത്താ മ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.