[]മിലാന്‍: വിവാദ ബൊഫോഴ്‌സ് കേസിലെ കുറ്റാരോപിതനും ഇറ്റാലിയന്‍ വ്യവസായിയുമായ ഒട്ടാവിയോ ക്വത്‌റോച്ചി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലെ മിലാനില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് സൈന്യത്തിന് വേണ്ടി സ്വീഡിഷ് കമ്പനിയുമായി 155 എം.എം ഹൊയിറ്റ്‌സര്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമുള്ളയാളും ഇറ്റാലിയന്‍ കമ്പനി പ്രതിനിധിയായി ഇന്ത്യയില്‍ ഉണ്ടായിരുന്നതുമായ ക്വത്‌റോച്ചി കരാറില്‍ ഇടനിലക്കാരനാകുന്നതും. []
ക്വത്‌റോച്ചിയെ പ്രധാനപ്രതിയാക്കി 1999 ലായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 64 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ക്വത്‌റോച്ചിക്കെതിരെയുള്ള കേസ്. 1600 കോടിയുടെ ഇടപാടായിരുന്നു ബൊഫോഴ്‌സ് ആയുധ കരാര്‍.
2011 മാര്‍ച്ച് നാലിന് ഹസാരി കോടതി ക്വത്‌റോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ക്വത്‌റോച്ചിയെ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു.
1986 ലെ ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ അഴിമതിയാരോപണം ഉണ്ടായതിനെ തുടര്‍ന്ന് 1990 ലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സി.ബി.ഐ 1993 ല്‍ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് ക്വത്‌റോച്ചി രാജ്യം വിട്ടത്.
2007-ല്‍ അര്‍ജന്റീനയിലായിരുന്ന ക്വത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള ശ്രമവും പാഴായി. ക്വത്‌റോച്ചിക്കെതിരെ സി.ബി.ഐ ഹാജരാക്കിയ തെളിവുകളൊന്നും നിലനില്‍ക്കില്ലെന്ന് അര്‍ജന്റീന കോടതി വിധിക്കുകയായിരുന്നു.
കോടതി കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ബൊഫോഴ്‌സില്‍ പുതിയ ഒരന്വേഷണവും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രസ്താവിച്ചിരുന്നു.