| Thursday, 16th March 2023, 4:00 pm

മെസി ബാഴ്സയിലുണ്ടായാൽ നന്നായിരുന്നു; താരത്തിന്റെ ക്ലബ്ബിലെ ശത്രു

സ്പോര്‍ട്സ് ഡെസ്‌ക്

കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയിലൂടെയാണ് സൂപ്പർ താരം മെസി കളി പഠിച്ചത്. ബാഴ്സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ കളി പഠിച്ച താരം നീണ്ട 17 കൊല്ലമാണ് ക്ലബ്ബിൽ കളിച്ചത്.

പിന്നീട് സാമ്പത്തിക പ്രതിസന്ധികളും  ക്ലബ്ബ് മാനേജ്മെന്റുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും ചില താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളും കാരണം മെസി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറുകയായിരുന്നു.

എന്നാലിപ്പോൾ മെസി പി.എസ്.ജി വിട്ട് ബാഴ്സയിലേക്ക് എത്തിയാൽ നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സലോണ താരമായ ജെറാദ് പിക്വെ.

ലാ മാസിയയിൽ മെസിക്കൊപ്പം കളി പഠിച്ച പിക്വെ പിന്നീട് മെസിയുടെ എതിരാളിയായി മാറുകയായിരുന്നു. ബാഴ്സയിൽ താരത്തിന്റെ സുഹൃത്തായിരുന്ന പിക്വെ പിന്നീട് മെസിയുടെ ക്ലബ്ബിൽ നിന്നുള്ള  പുറത്താകലിന  പിന്നിൽ ചരട് വലിച്ചു എന്ന കാരണത്താൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ മെസി ബാഴ്സയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ പിക്വെ.

“മെസിക്ക് താൽപര്യമുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ബാഴ്സയിൽ തുടരാവുന്നതാണ്. മെസി ബാഴ്സയിൽ എത്തിയാൽ അത് വളരെ നന്നാകും. എന്നാൽ അവസാന തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്,’ പിക്വെ പറഞ്ഞു.

ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ മെച്ചപ്പെട്ടതും മെസി ബാഴ്സയിൽ കളിക്കുന്നതിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് ക്ലബ്ബ്‌ പ്രസിഡന്റ്‌ ലപോർട്ട പറഞ്ഞതിനും പിന്നാലെയാണ് മെസി ബാഴ്സയിലേക്ക് എത്തുന്നു എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നത്.

എന്നാൽ  ജൂണിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ മെസി പി.എസ്. ജിയുമായുള്ള കരാർ പുതുക്കിയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം നിലവിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയുടെ സ്ഥാനം.

മാർച്ച് 20ന് റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയിലാണ് ബാഴ്സ അടുത്തതായി മത്സരിക്കുക.

Content Highlights: It would be nice Piqué said about messi’s barcelona joining

We use cookies to give you the best possible experience. Learn more