ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കാനൊരുങ്ങുന്ന ശക്തമായ ടീമുകളിലൊന്നാണ് ബ്രസീല്‍. വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോച്ച് ടിറ്റെ ബ്രസീലിനായി കിടിലന്‍ ടീമിനെ പ്രഖ്യാപിച്ചത്.
വേള്‍ഡ് കപ്പില്‍ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ തങ്ങളുടെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.
സൂപ്പര്‍ താരങ്ങളായ തിയാഗോ സില്‍വ, കാസിമെറോ, നെയ്മര്‍ തുടങ്ങിയ കരുത്തര്‍ അടങ്ങുന്നതാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ പട. ഈ സീസണില്‍ മികച്ച ഫോം കാഴ്ചവെക്കുന്ന നെയ്മറില്‍ വലിയ പ്രതീക്ഷയാണ് ബ്രസീല്‍ ചെലുത്തുന്നത്.
എന്നാല്‍ ഖത്തറില്‍ നടക്കാനിരിക്കുന്നത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്നാണ് നെയ്മര്‍ ഇപ്പോള്‍ സൂചന നല്‍കുന്നത്. ഒരു പക്ഷേ ഇനിയും കളിക്കുമായിരിക്കാം എന്നും ഇത്തവണ പക്ഷേ അവസാന മത്സരത്തിനിറങ്ങുന്ന പോലെയാണ് ഖത്തറില്‍ കളിക്കുക എന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി ഗ്ലോബോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
Em entrevista ao ge, Neymar afirma que não sabe se seguirá na seleção brasileira após o Catar: “Quero jogar como se fosse a última (Copa)” pic.twitter.com/xqUzYjv3cB
— ge (@geglobo) November 11, 2022
”എനിക്ക് തോന്നുന്നു ഇതെല്ലാം ഞാന്‍ ഇമാജിന്‍ ചെയ്തതിലും സ്വപ്‌നം കണ്ടതിലും അപ്പുറമാണെന്ന്. ഞാനൊരിക്കലും ആരെയും കടത്തി വെട്ടുന്നതിനെ കുറിച്ചോ റെക്കോഡുകള്‍ തകര്‍ക്കുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടില്ല. ഫുട്‌ബോള്‍ കളിക്കണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ.
ഈ ലോകകപ്പ് കരിയറിലെ ഏറ്റവും അവസാനത്തേതാണെന്ന് കരുതിയാണ് ഞാന്‍ കളിക്കുക. ഞാനെന്റെ അച്ഛനോട് സംസാരിച്ചിട്ടുണ്ട്, ഞങ്ങള്‍ ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. എനിക്കുറപ്പ് നല്‍കാനാകില്ല, ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഞാനുണ്ടാകുമോ എന്ന്.
Leia mais: https://t.co/q3lftyzlo1
— ge (@geglobo) November 11, 2022
ഇതെന്റെ അവസാനത്തെ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റായി ഞാന്‍ കാണും. ചിലപ്പോള്‍ ഇനിയും കളിക്കുമായിരിക്കും, ഒരുപക്ഷേ ഇല്ലായിരിക്കാം. പുതിയ കോച്ച് വരുന്നുണ്ടെന്നാണ് കേട്ടത്. എനിക്കറിയില്ല, അദ്ദേഹത്തിനെന്നെ ഇഷ്ടമാകുമോ എന്ന്,’ നെയ്മര്‍ വ്യക്തമാക്കി.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു.
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് നെയ്മറിന്റെ അറിയിപ്പ്.
ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരായ മെസിയും റൊണാള്‍ഡോയും നെയ്മറും അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് വിരമിക്കുന്ന രംഗം വിങ്ങലോടെയല്ലാതെ ആരാധകര്‍ക്ക് കണ്ടു നില്‍ക്കാനാകില്ല. ഈ ലോകകപ്പ് കഴിഞ്ഞും താരങ്ങള്‍ തങ്ങളുടെ രാജ്യത്തിനായി ബൂട്ട് കെട്ടുന്നത് തുടരുമെന്ന വാര്‍ത്ത കേള്‍ക്കാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
content Highlights: It would be my last world cup, says Neymar