| Sunday, 4th August 2024, 1:51 pm

അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്റെ നാലിലൊന്ന് എത്താൻ ഇന്ത്യയ്ക്ക് ഇനിയും വേണം 75 വർഷം: ലോക ബാങ്ക് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അമേരിക്കയുടെ പ്രതിശീർഷ വരുമാന നിലവാരത്തിന്റെ നാലിലൊന്ന് എത്താൻ ഇന്ത്യക്ക് 75 വർഷം കൂടി വേണ്ടിവരുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ദിവസം വാഷിങ്ടണിൽ പുറത്തിറക്കിയ ദി മിഡിൽ ഇൻകം ട്രാപ് എന്ന ലോക ബാങ്കിന്റെ വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണിക്കാര്യം പരാമർശിച്ചിരിക്കുന്നത്.

അടുത്ത ഏതാനും ദശകങ്ങളിൽ ഇന്ത്യ ഉൾപ്പടെയുള്ള 100 ൽ അധികം രാജ്യങ്ങൾക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളായി മാറാൻ ഗുരുതരമായ പ്രതിബന്ധങ്ങൾ നേരിടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2023 അവസാനത്തോടെ 108 രാജ്യങ്ങളെ ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയായി റിപ്പോർട്ടിൽ തരം തിരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ആറ് ബില്യണിൽ അധികം ജനങ്ങൾ ജീവിക്കുന്നുണ്ട്. അതായത് ആഗോള ജനസംഖ്യയുടെ 75 ശതമാനം. എന്നാൽ ഇവരിൽ മൂന്നിൽ രണ്ട് ആളുകളും ദാരിദ്ര്യത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ചെറുകിട സ്ഥാപനങ്ങൾ എന്നും ചെറുകിട സ്ഥാപനങ്ങൾ മാത്രമായി നിലനിൽക്കുന്നുവെന്നും വൻകിട സ്ഥാപനങ്ങളാകട്ടെ വേണ്ടവിധത്തിൽ വളരുന്നില്ലെന്നതുമാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിന്റെ മന്ദഗതിയിലുള്ള വളർച്ചയുടെ കാരണമെന്നാണ് ലോക ബാങ്ക് പറയുന്നത്. ഇതിൽ സർക്കാരിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പല വികസ്വര രാജ്യങ്ങളും ഇപ്പോഴും പഴയ രീതിയിലുള്ള വികസന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അതിൽ ഇന്ത്യയും ഉൾപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു.

ലോക ബാങ്ക് പറയുന്നതനുസരിച്ച് നിലവിലെ ട്രെൻഡുകൾ നോക്കുകയാണെങ്കിൽ അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്റെ നാലിലൊന്ന് എത്താൻ ചൈനക്ക് 10 വർഷവും ഇന്തോനേഷ്യക്ക് 70 വർഷവും എടുക്കും.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ഇന്ത്യയിലോ പെറുവിലോ മെക്സിക്കോയിലോ ഒരു സ്ഥാപനം 40 വർഷത്തേക്ക് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ വലിപ്പം ആ കാലയളവിൽ ഏകദേശം ഇരട്ടിയാകും. എന്നാൽ യു.എസിൽ അതെ സ്ഥാപനം പ്രവർത്തിക്കുകയാണെങ്കിൽ അതെ കാലയളവിൽ അതിന്റെ വലിപ്പം ഏഴ് മടങ്ങ് വർധിക്കും. ‘ഫ്ലാറ്റ് ആൻഡ് സ്റ്റേ ഡൈനാമിക് ‘ എന്നാണ് ഇതിനെ ലോക ബാങ്ക് വിളിക്കുന്നത്.

ഇവിടെ ഗണ്യമായ വളർച്ചയില്ലാതെ ഒരു സ്ഥാപനം വർഷങ്ങളോളം നിലനിൽക്കുന്നു. എന്നാൽ യു.എസ് പോലുള്ള രാജ്യങ്ങളിൽ സ്ഥാപനങ്ങൾ മത്സരങ്ങൾ നേരിടുകയും സംരംഭകർ തങ്ങളുടെ സ്ഥാപനം അതിനനുസരിച്ച് വിപുലീകരിക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം അവ മാർക്കറ്റിൽ നിന്ന് പുറന്തള്ളപ്പെടുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇത് നടക്കുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ഏകദേശം 90 ശതമാനം സ്ഥാപനങ്ങളും അഞ്ചിൽ താഴെ ജീവനക്കാരോ അല്ലെങ്കിൽ പത്തോ അതിലധികമോ ജീവനക്കാരുള്ളതോ ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ചെറുകിട സംരംഭങ്ങളിൽ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാത്തത് വലിയൊരു പോരായ്‌മയാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ചെറുകിട കമ്പനികളെ വളർത്തേണ്ടത് പ്രധാന വിഷയമാണെന്നും സബ്‌സിഡികൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും റിപ്പോർട്ട് വിശകലനം ചെയ്യുന്നുണ്ട്.

1990 മുതൽ 34 ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകൾക്ക് മാത്രമേ ഉയർന്ന വരുമാനമുള്ള നിലയിലേക്ക് എത്തിപ്പെടാൻ സാധിച്ചിട്ടുള്ളു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇവയിൽ മൂന്നിലൊന്ന് ഭാഗവും ഒന്നുകിൽ യൂറോപ്യൻ യൂണിയനുമായി സംയോജിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ പുതുതായി കണ്ടെത്തിയ എണ്ണ ശേഖരത്തിൽ നിന്ന് ലാഭം നേടുകയോ ചെയ്തതാണെന്നും ലോകബാങ്ക് റിപ്പോർട്ട് ചെയ്തു.

Content Highlight: It will take India 75 yrs to reach a quarter of US per capita income levels, says World Bank report

We use cookies to give you the best possible experience. Learn more