ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പിന് ഇന്ത്യൻ താരങ്ങളിൽ ചിലരുടെ അവസാനത്തെ ടൂർണമെന്റ് കൂടിയായിരിക്കുമെന്ന പ്രത്യേകതയുണ്ട്. ടൂർണമെന്റ് അവസാനിച്ചാൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചന.
2024 ടി-20 ലോകകപ്പ് ലക്ഷ്യമിട്ട് യുവനിരയെ വാർത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അതിനായി പുതിയ താരങ്ങളെ ടീമിലേക്ക് റിക്രൂട്ട് ചെയ്യാനും സാധ്യതയുണ്ട്.
നിലവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശർമക്ക് ടി-20 ലോകകപ്പിൽ ഇനിയൊരവസരം ഉണ്ടായിരിക്കില്ല. 35 വയസുകാരനായ താരം ലോകകപ്പ് കഴിഞ്ഞാൽ ടി-20യിൽ നിന്ന് വിരമിച്ച് മറ്റ് രണ്ട് ഫോർമാറ്റുകളിൽ തുടരാനാണ് സാധ്യത. തുടർച്ചയായ മത്സരങ്ങൾ കാരണം സമീപകാലത്ത് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും രോഹിത് ശർമയെ വേട്ടയാടിയിരുന്നു.
ഇന്ത്യക്കായി ടി-20യിൽ കളിക്കാനിടയില്ലെങ്കിലും ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി ഒന്ന് രണ്ട് സീസണുകളിൽ കൂടി അദ്ദേഹം തുടരും. രോഹിത് ടി-20യിൽ നിന്ന് വിരമിക്കുന്നതോടെ കെ.എൽ രാഹുലോ ഹാർദിക് പാണ്ഡ്യയോ ഈ ഫോർമാറ്റിലെ സ്ഥിരം ക്യാപ്റ്റനായേക്കും.
താനൊരു ടെസ്റ്റ് ക്രിക്കറ്റ് ഫാനാണെന്നു പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ള താരമാണ് കോഹ്‌ലി. ടി-20യിൽ നിന്ന് വിരമിക്കുന്നതോടെ ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും മികച്ച രീതിയിൽ കൊണ്ടുപോകാനായിരിക്കും കോഹ്‌ലി ശ്രമിക്കുക. ഐ.പി.എല്ലിലും താരം സജീവമായിരിക്കും.
നിലവിൽ ടി-20 ഫോർമാറ്റിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് കോഹ്‌ലി. ടി-20 ലോകകപ്പ് കൂടി സ്വന്തം പേരിലാക്കാനായാൽ അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നേട്ടമായിരിക്കും അത്.
ഈ ലോകകപ്പ് കഴിഞ്ഞാൽ ടി-20 നിർത്താൻ ഏറ്റവുമധികം സാധ്യതയുള്ള താരം വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കാണ്. 37 കാരനായ ഡി.ക്കെ 2019ന് ശേഷം ആദ്യമായാണ് ഈ വർഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്.
കഴിഞ്ഞ ഐ.പി.എല്ലിൽ കാഴ്ച വെച്ച പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമിൽ തിരികെയെത്തിച്ചത്.
ഇന്ത്യക്കുവേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിച്ചതോടെ ഡി.കെ ലോകകപ്പ് ടീമിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. 2007ലെ പ്രഥമ ലോകകപ്പിൽ ചാമ്പ്യൻമാരായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2024ലെ അടുത്ത ടി-20 ലോകകപ്പിൽ ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ സാധ്യതയില്ല.
Content Highlights: It will be the last T20 world cup for those three legend players