കൊച്ചി: സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദേശം തള്ളി ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍. ഐ.എ.എസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജിവെച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു.
”സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്തു ലഭിച്ചിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തന്റെ എല്ലാ സേവനവും ലഭ്യമാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരിക്കില്ല അത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയ്ക്ക് ആ കടമ നിര്‍വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്”, കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
താന്‍ രാജിവെച്ചിട്ട് ഏകദേശം എട്ട് മാസം കഴിഞ്ഞിരിക്കുന്നെന്നും ഇപ്പോള്‍ തന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നതിന്റെ ഉദ്ദേശം തന്നെ ഉപദ്രവിക്കുക എന്നത് മാത്രമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി.
പ്രതികൂല ഘട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ തയ്യാറാണ്. പക്ഷേ ഐ.എ.എസില്‍ തിരികെ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
ഐ.എ.എസ്സില്‍ നിന്നും രാജി വെച്ച കണ്ണന്‍ ഗോപിനാഥനെ രാജ്യത്ത് നിലനില്‍ക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരിച്ചുവിളിക്കുന്നതായിട്ടുള്ള ഉത്തരവായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.
കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും, ജോലിക്ക് തിരിച്ചുകയറണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് 2019 ഓഗസ്റ്റ് 27ന് നല്‍കിയിരുന്നതാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. അടിയന്തിരമായ ജോലിക്ക് തിരിച്ചു കയറണമെന്നാണ് കത്തിലെ ആവശ്യം.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശം ആക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സിവില്‍ സര്‍വീസില്‍ നിന്നും കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. ഇതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികള്‍ക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികള്‍ സജീവ സാന്നിധ്യമാകുകയും ചെയ്തിരുന്നു അദ്ദേഹം. ഇതിനിടെ നിരവധി തവണ കണ്ണന്‍ ഗോപിനാഥിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ