| Monday, 25th December 2017, 7:49 pm

'ഇത് അവസാനത്തെതല്ല'; കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ വീണ്ടും കുടുംബത്തിനു അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് പാക് വിദേശ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ തടവില്‍ക്കഴിയുന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ വീണ്ടും കുടുംബത്തിനു അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് പാക് വിദേശ കാര്യ മന്ത്രാലയം. ജാദവിനെ ഇന്ത്യന്‍ ഭീകരതുയെ മുഖമായി വിശേഷിപ്പിച്ചതിനു പിന്നാലെയാണ് ഇത് കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന കൂടിക്കാഴ്ചയല്ലെന്ന് പാക് മന്ത്രാലയം അഭിപ്രായപ്പെട്ടത്.

ഇത് ഒരിക്കലും അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്നും ഇനിയും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച കൂടുല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നേരത്തെ കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ഭീകരതയുടെ മുഖമാണെന്ന പ്രസ്താവനയും വിദേശ കാര്യ വക്താവ് നടത്തിയിരുന്നു.

“കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ഭീകരതയുടെ മുഖമാണ്. ഇക്കാര്യം പാകിസ്താന് വ്യക്തമായ കാര്യമാണ്. മനുഷ്യത്വത്തിന്റെ പേരിലാണ് അമ്മയെയും ഭാര്യയെയും കാണാന്‍ ജാധവിനെ അനുവദിച്ചത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഭീകരവാദിയാണെന്ന് കുല്‍ഭൂഷന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ചാര സംഘടന റോയുടെ നിര്‍ദേശ പ്രകാരം പാകിസ്താനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കല്‍ഭൂഷന്‍ ശ്രമിച്ചതെന്നും മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നു ഉച്ചയോടെയായിരുന്നു കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏകദേശം 45 മിനിറ്റോളമാണ് കുല്‍ഭൂഷന്‍ ജാധവ് ഭാര്യയോടും അമ്മയോടും സംസാരിച്ചത്. കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്.

22 മാസത്തിനു ശേഷമാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണെ കാണുന്നത്. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.

We use cookies to give you the best possible experience. Learn more