മാരി സെല്‍വരാജ് ചിത്രം മാമന്നനാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ ചൂടേറിയ ചര്‍ച്ച. കാലങ്ങളോളം ഹാസ്യ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന വടിവെലുവിനുള്ള ട്രിബ്യൂട്ടായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. വടിവേലു ആദ്യമായി നായകനാവുന്ന ചിത്രമല്ല മാമന്നന്‍. ഇതിന് മുമ്പ് ആറ് ചിത്രങ്ങളില്‍ അദ്ദേഹം നായകനായിട്ടുണ്ട്.
ചിമ്പുദേവന്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തുവന്ന ഹിസ്റ്റോറിക്കല്‍ കോമഡി ചിത്രമായ ഇംസായ് അരസന്‍ ട്വന്റി തേര്‍ഡ് പുലികേസിയിലാണ് വടിവേലു ആദ്യമായി നായകനായത്. എന്നാല്‍ അതിനും ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന് ഒരു റൊമാന്റിക് ചിത്രത്തില്‍ നായകനാവാനുള്ള ഓഫര്‍ ലഭിച്ചിരുന്നു. വിജയ് നായകനായ തുള്ളാത മനമും തുള്ളും എന്ന ചിത്രത്തില്‍ ആദ്യം നായകനാകേണ്ടിയിരുന്നത് വടിവേലു ആയിരുന്നുവെന്ന് വിജയ് ഫാന്‍സിന് പോലും അധികം അറിവുള്ള കാര്യമല്ല.
1931ല്‍ പുറത്ത് വന്ന ചാര്‍ലി ചാപ്ലിന്‍ ചിത്രം സിറ്റി ലൈറ്റ്‌സാണ് തുള്ളാത മനവും തുള്ളും എന്ന സിനിമയെടുക്കാന്‍ സംവിധായകന്‍ എഴിലിന് പ്രചോദനമായത്. ചാര്‍ലി ചാപ്ലിന്‍ ചിത്രത്തിന് ഒരു തമിഴ് അഡാപ്‌റ്റേഷനുണ്ടാകുമ്പോള്‍ വടിവേലുവാണ് നായകനായി ആദ്യം സംവിധായകന്റെ മനസിലേക്ക് എത്തിയത്. എന്നാല്‍ ഹാസ്യനടനായ തന്നെ നായകനാക്കുന്നതില്‍ വടിവേലുവിന് തന്നെ ആശങ്കയുണ്ടായിരുന്നു. വടിവേലുവിനെ പറഞ്ഞുമനസിലാക്കാന്‍ സംവിധായകനായെങ്കിലും നിര്‍മാതാക്കളൊന്നും വഴങ്ങിയില്ല. തുടര്‍ന്ന് വിജയ്‌യിലേക്ക് ചിത്രമെത്തിയെന്നാണ് ഒരു കഥ.
ഇതല്ലാതെ ചിത്രത്തെ പറ്റി മറ്റൊരു കഥയും തമിഴകത്ത് പ്രചരിച്ചിരുന്നു. എഴില്‍ കഥ പറഞ്ഞപ്പോള്‍ നായകനാകുന്നതില്‍ ആശങ്കയുണ്ടായിരുന്ന വടിവേലു ആറ് മാസത്തിന് ശേഷം വീണ്ടും വരാന്‍ പറഞ്ഞു. അന്ന് തനിക്ക് നായകനാവണമെന്ന് തോന്നിയാല്‍ അഭിനയിക്കാമെന്നും പറഞ്ഞു. ഈ സമയത്താണ് നിര്‍മാതാവ് ആര്‍.ബി. ചൗധരി തന്റെ കയ്യില്‍ വിജയ്‌യുടെ ഡേറ്റ് ഉണ്ടെന്ന് എഴിലിനോട് പറഞ്ഞത്.
തുടര്‍ന്നാണ് വിജയ്‌യിലേക്ക് ചിത്രമെത്തുന്നത്. വടിവേലുവിനായി എഴുതിയ കഥയിലെ കോമഡി എലമെന്റ്‌സ് കുറേയൊക്കെ മാറ്റി ഇമോഷണില്‍ കേന്ദ്രീകരിച്ച് ചിത്രം ഒരുക്കുകയായിരുന്നു.
Content Highlight: It was Vadivelu who was supposed to play the lead role in the film Thullaltha Manamum Thullum