രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായി; സാങ്കേതിക കാരണം കൊണ്ട് ഇപ്പോള്‍ അംഗത്വം എടുക്കുന്നില്ല; അടുത്ത തവണ മത്സരിക്കുക കോണ്‍ഗ്രസ് ചിഹ്നത്തിലെന്നും ജിഗ്‌നേഷ് മേവാനി
ന്യൂദല്‍ഹി: രാജ്യത്ത് രണ്ടാം സ്വതന്ത്ര്യസമരത്തിന് സമയമായെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി. ദല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് കനയ്യകുമാറിന് അംഗത്വം നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക കാരണം കൊണ്ട് കോണ്‍ഗ്രസില്‍ ഇപ്പോള്‍ താന്‍ അംഗത്വമെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അടുത്ത തവണ കോണ്‍ഗ്രസ് ചിഹ്നത്തില്‍ തന്നെ താന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സഹോദരങ്ങള്‍ തമ്മില്‍ പോലും വെറുപ്പും വിദ്വേഷവും നടക്കുന്നു. ദല്‍ഹിയും നാഗ്പൂരും ചേര്‍ന്ന് രാജ്യത്തെ നശിപ്പിക്കുകയാണെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
ഇന്ന് ഈ രാജ്യം അനുഭവിക്കുന്നത് മുമ്പ് ഗുജറാത്തില്‍ ഞങ്ങള്‍ അനുഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ഇതിന് ഉത്തരമായാണ് കോണ്‍ഗ്രസ് സഹയാത്രികനായതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന, ജനാധിപത്യം, ഇന്ത്യയെകുറിച്ചുള്ള നമ്മുടെ സങ്കല്‍പം എന്നിവ സംരക്ഷിക്കണമെന്നതാണ് ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. അതിന് സ്വതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി, ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തിയ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം – ജിഗ്‌നേഷ് പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേരുന്നതോടെ വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിക്കുന്നതെന്ന് കനയ്യ കുമാറും പറഞ്ഞിരുന്നു. രാജ്യത്തെ ചില വ്യക്തികളും ചിന്താധാരകളും ചേര്‍ന്ന് രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും സംസ്‌കാരവും മൂല്യങ്ങളും നശിപ്പിക്കുകയാണെന്നും കനയ്യ പറഞ്ഞു.
ഗാന്ധി, അംബേദ്ക്കര്‍, ഭഗത് സിംഗ് എന്നിവരുടെ ആശയങ്ങള്‍ ആണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യം. ഈ രാജ്യത്തിന് ഭഗത് സിംഗിന്റെ ധീരതയും അംബേദ്ക്കറിന്റെ തുല്യതാ മനോഭാവവും ഗാന്ധിയുടെ ഏകത ചിന്തയുമാണ്. ഇവ മൂന്നുമുള്ളത് കോണ്‍ഗ്രസിലാണെന്നും കനയ്യ പറഞ്ഞു.
വീട് കത്തുമ്പോള്‍ ആരും ബെഡ് റൂം സംരക്ഷിക്കാനല്ല നോക്കുക. ഇതേപോലെ രാജ്യം കത്തുമ്പോള്‍ ആരും സ്വന്തം കാര്യം മാത്രം നോക്കരുതെന്നും കനയ്യ പറഞ്ഞു.
കനയ്യ കുമാറിനെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് പാര്‍ട്ടിയിലേക്ക് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തത്. നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ദല്‍ഹിയിലെ ഐ.ടി.ഒയിലെ രക്തസാക്ഷി പാര്‍ക്കില്‍ എത്തുകയും ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.