| Wednesday, 22nd January 2020, 11:43 pm

പെണ്‍മക്കളെ കാക്ക കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ സിന്ദൂരമണിഞ്ഞ, കുലസ്ത്രീയല്ല പ്രധാനം, ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ധൈര്യം കാണിച്ച ആ സ്ത്രീയാണ്

ശ്രീജിത്ത് ദിവാകരന്‍

പെണ്‍മക്കളെ കാക്ക കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ സിന്ദൂരമണിഞ്ഞ, പ്രഗ്യാസിങ്ങ് ഠാക്കൂറിന്റെ ആരാധികയാകാന്‍ സാധ്യതയുള്ള, ആ കുലസ്ത്രീയല്ല; തല്ലും കൊല്ലും അടിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തി അലറുന്ന ദുര്‍ഗാവാഹിനികളല്ല ആ വീഡിയോയില്‍ പ്രധാനം.

മതാന്ധതയും വിവരക്കേടും അന്യമത വിദ്വേഷവും വെറുപ്പും ക്രൂരതയും സമ്മേളിക്കുന്ന ഒരു വേദിയില്‍, അവരുടെ വിഷം നിറഞ്ഞ നുണകള്‍ വിളമ്പാനുള്ള സ്ഥലമല്ല, താന്‍ കൂടി ആരാധിക്കുന്ന ക്ഷേത്രമെന്ന് വിചാരിച്ച് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ധൈര്യം കാണിച്ച ആ സ്ത്രീയാണ്, അവരുടെ നിലപാടാണ്, ഒറ്റയ്ക്കും നീതിക്ക് വേണ്ടി നിലകൊള്ളുമെന്ന പ്രതിജ്ഞാബദ്ധതയാണ് ആ വീഡിയോ. എന്തൊരു ഊര്‍ജ്ജം നല്‍കുന്നതാണത്.

അമിത്ഷായ്ക്കെതിരെ സംഘികളുടെ താവളത്തിനുള്ളില്‍ ഗോബാക്ക് വിളിക്കാന്‍ ധൈര്യം ഉള്ള, ലാത്തിയാണോ ആര്‍.എസ്.എസിന്റെ ദണ്ഡയാണോ കൈയ്യിലുള്ളത് എന്ന് തിരിച്ചറിയാത്ത പോലീസിന് നേരെ വിരല്‍ ചൂണ്ടിയ, തലപൊട്ടി ചോരയൊഴുകുമ്പോള്‍ ഇതുകൊണ്ടൊന്നും വിദ്യാര്‍ത്ഥി സമരം തോല്‍ക്കില്ലെന്ന് പറയുന്ന, ഷഹീന്‍ ബാദില്‍ കൊടും ശീത രാത്രികളില്‍ ചോരതിളപ്പിച്ച് മുദ്രവാക്യം വിളിച്ച് ഈ രാജ്യത്തിന് മുഴുവന്‍ മാതൃകയാകുന്ന, അങ്ങനെയെത്രയെത്ര സ്ത്രീകളാണ്.

ആ വീഡിയോയില്‍ എന്റെ കാഴ്ച പതിയുന്നത്, സ്വന്തം ചോരയെ ഒറ്റുകൊടുക്കുന്ന, ജാതി അടിമത്തവും പാട്രിയാര്‍ഖിയും നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാനും തയ്യാറുള്ള, ജനാധിപത്യവും സ്വാതന്ത്ര്യവും മനസിലാക്കാന്‍ ബോധമില്ലാത്ത ഒരു കൂട്ടം മനുഷ്യരല്ല. നീതിക്ക് വേണ്ടി നിലനില്‍ക്കുന്ന ആ ഒറ്റ സ്ത്രീയിലാണ്. എന്തൊരു ഗ്രേസ്ഫുള്ളായ കാഴ്ചയാണവര്‍. പ്രതീക്ഷയും.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more