| Sunday, 25th June 2017, 8:08 pm

ശബരിമലയിലെ കൊടിമരത്തില്‍ ഒഴിച്ചത് പാദസരമെന്ന ദ്രാവകം; വിശ്വാസത്തിന്റെ ഭാഗമായാണ് ഒഴിച്ചതെന്നും പിടിയിലായവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തില്‍ പാദരസം എന്ന ദ്രാവകം ഒഴിച്ചതായി പൊലീസ് പിടികൂടിയ വിജയവാഡ സ്വദേശികള്‍. നവധാന്യങ്ങളും ഇതോടൊപ്പം കൊടിമരത്തില്‍ അര്‍പ്പിച്ചതായും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇന്നുവൈകുന്നേരമാണ് കൊടിമരം കേടുവരുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം പൊലീസ് ഇവരുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായവരുടെ വിശദവിവരങ്ങള്‍ക്കായി ആന്ധ്രാപൊലീസുമായി ബന്ധപ്പെടുമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നുച്ചയോടെയാണ് കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്താന്‍ ശ്രമമുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പ്രതികളെ കണ്ടെത്തിയത്. ആന്ധ്ര പ്രദേശ് വിജയവാഡ സ്വദേശികളാണ് പിടിയിലായത്.


Also Read: ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടം; കുംബ്ലെയെ പുറത്താക്കിയ കോഹ്‌ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയുമെന്ന് മുന്‍ നായകന്‍


ഇവര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് പേര്‍ ഡപ്പിയില്‍ കൊണ്ടുവന്ന മെര്‍ക്കുറി ഒഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.

ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് മെര്‍ക്കുറി ഒഴിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡി.ജി.പി ടി.പി സെന്‍കുമാറിന് പരാതി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more