|

ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി പ്രഖ്യാപിച്ചത് കേന്ദ്രമല്ല, സിക്കിമാണ്; അതിനാല്‍ അവരെപ്പോലെ പ്രഖ്യാപിക്കാന്‍ പറയൂവെന്ന് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളായി പ്രഖ്യാപിക്കുമോ എന്ന മാധ്യമപ്രവ്രര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറോട് സംവിധാനമെന്താണെന്ന് ആദ്യം പഠിക്കൂ എന്ന് പറഞ്ഞ മന്ത്രി സിക്കിമിനെപ്പോലെ ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട്‌ പറയാന്‍ ആവശ്യപ്പെട്ടു.

ആശമാരെ തൊഴിലാളികളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലേ എന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ അതിനായി കേന്ദ്രം എന്തുകൊണ്ട് ഇടപെടല്‍ നടത്തുന്നില്ലായെന്നും സുരേഷ് ഗോപിയോട് ചോദിച്ചു. എന്നാല്‍ ആദ്യം സംവിധാനം എന്താണെന്ന് പഠിക്കാനും കോപ്പറേറ്റീവ് ഫെഡറലിസം എന്താണെന്ന് പഠിക്കാനുമാണ് മന്ത്രി റിപ്പോര്‍ട്ടറോട് പറഞ്ഞതത്.

തുടര്‍ന്ന് ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ ആണെന്നും അതിനാല്‍ ഇത് സംസ്ഥാന സര്‍ക്കാരിനോട് പോയി പറയാനുമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ പൊങ്കാല കിറ്റുമായി സുരേഷ് ഗോപി എത്തിയിരുന്നു.

‘ആശമാര്‍ക്ക് അനുകൂലമായ രീതിയില്‍ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘വര്‍ഷങ്ങളായി തുടരുന്ന സാമൂഹിക പ്രവര്‍ത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താന്‍ ചെയ്യുന്നത്.

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടുന്നത് മന്ത്രിയോ എം.പിയോ ആയതിനാലല്ല, സാമൂഹ്യപ്രവര്‍ത്തകനായതിനാലാണ്. കേന്ദ്ര മന്ത്രിയായതിനുശേഷം പാര്‍ട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലര്‍പ്പില്ലാതെ ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു. അതിന്റെ ഫല സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യത്തെ ഇന്നലെ ജോണ്‍ ബ്രിട്ടാസ് എം.പി. പരിഹസിച്ചിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദല്‍ഹിയില്‍ ഒരു പണിയുമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നതെന്ന് പറഞ്ഞ ബ്രിട്ടാസ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടാല്‍ അദ്ദേഹത്തിന് അവിടെ പണിയൊന്നും ഉണ്ടാവില്ലെന്ന് മനസിലാവുമെന്നും പരിഹസിച്ചു. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബി.ജെ.പിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറയുകയുണ്ടായി.

Content Highlight: It was not the Centre that declared ASHA workers as workers, but Sikkim; So tell the state to declare like them, says Suresh Gopi

Latest Stories