| Thursday, 12th January 2023, 8:26 pm

മെസിയൊന്നുമല്ല അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത്; അതിന് പിന്നിൽ പ്രവർത്തിച്ചത് മറ്റ് മൂന്ന് താരങ്ങൾ; മുൻ അർജന്റൈൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ മുട്ട് കുത്തിച്ച് ലോക കിരീടം ഉയർത്തിയതോടെ ലോകമാകെയുള്ള ഫുട്ബോൾ ആരാധകർക്കിടയിലുള്ള തന്റെ രാജകീയ പരിവേഷം ഒന്ന്കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലയണൽ മെസി.

ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വമ്പിച്ച സ്വീകരണമാണ് മെസിക്കും മറ്റ് അർജന്റൈൻ താരങ്ങൾക്കും ദോഹയിലും പിന്നീട് അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലും ലഭിച്ചത്.

കൂടാതെ സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുടരുന്നവരുടെ എണ്ണവും വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം മെസിക്ക് വലിയ തോതിൽ വർധിച്ചിരുന്നു.

എന്നാലിപ്പോൾ അർജന്റീനയുടെ ലോകകപ്പ് കിരീട നേട്ടത്തിന് കാരണക്കാരനായി മെസിയെ ഉയർത്തിക്കാണിക്കുന്നതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അർജന്റീനൻ താരവും കോച്ചുമായ ജോർജ്‌ ഡി അലക്സാൻഡ്രോ.

സ്പാനിഷ് വമ്പൻ ക്ലബ്ബുകളായ അത് ലറ്റിക്കോ മാഡ്രിഡിനെയടക്കം പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ജോർജ്‌ ഡി അലക്സാൻഡ്രോ.

അർജന്റീനയുടെ ലോകകപ്പ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് മെസിയല്ലെന്നും എൻസോ ഫെർണാണ്ടസ്, മാക്കലിസ്റ്റർ, ജൂലിയൻ അൽവാരസ് മുതലായ താരങ്ങളാണ് അർജന്റീനയെ ലോകകപ്പ് കിരീട നേട്ടത്തിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചതെന്നുമാണ് ജോർജ്‌ ഡി അലക്സാൻഡ്രോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

“എല്ലാവരും മെസിയെ ചൂണ്ടിക്കാട്ടുന്നു, മെസി ലോകകപ്പ് നേടിത്തന്നെന്ന് പറയുന്നു. 2014 ലേയും അതിന് മുമ്പുള്ളതുമായുള്ള ലോകകപ്പിൽ മെസി കളിച്ചത് പോലെതന്നെയാണ് ഇത്തവണയും കളിച്ചത്. അല്ലാതെ പുതുമയൊന്നും കാഴ്ച വെച്ചിട്ടില്ല,’ ജോർജ്‌ ഡി അലക്സാൻഡ്രോ പറഞ്ഞു.

“മെസി തെരുവിൽ കരഞ്ഞുനടന്നിരുന്ന പഴയ പയ്യനല്ലെന്നതൊക്കെ ശരി തന്നെ. പക്ഷെ എൻസോ ഫെർണാണ്ടസ്, മാക്കലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നിലെ സുപ്രധാന കണ്ണികൾ,’ ജോർജ്‌ ഡി അലക്സാൻഡ്രോ കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗംഭീര പ്രകടനമാണ് മെസി കാഴ്ച വെച്ചത്. കൂടാതെ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി ഖത്തറിന്റെ മണ്ണിൽ നിന്നും സ്വന്തമാക്കി.

അതേസമയം ഒരു ഇടവേളക്ക് ശേഷം ക്ലബ്ബ്‌ ഫുട്ബോളിൽ തിരിച്ചെത്തിയ മെസി വ്യാഴാഴ്ച്ച പി.എസ്.ജിയുടെ ഏഞ്ചേഴ്സിനെതിരെയുള്ള മത്സരത്തിൽ ബൂട്ട് അണിഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മെസി പാരിസ് ക്ലബ്ബിനായി ഒരു ഗോളും സ്വന്തമാക്കിയിരുന്നു.

Content Highlights:It was not Messi who won the World Cup for Argentina; Three other players worked behind it; Former Argentine player

We use cookies to give you the best possible experience. Learn more