| Wednesday, 7th June 2023, 1:00 pm

റയല്‍ മാഡ്രിഡില്‍ ബൂട്ടുകെട്ടാന്‍ ആഗ്രഹിച്ച് ബാഴ്‌സലോണയില്‍ എത്തിപ്പെട്ടു; ലെവന്‍ഡോസ്‌കിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറില്‍ ട്വിസ്റ്റ്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യുണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ക്ലബ്ബിലെത്തിച്ചതിന് പലരും ബാഴ്സയെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ബാഴ്സയില്‍ മികച്ച പ്രകടനം കഴ്ചവെച്ച് വിമര്‍ശിച്ചവരുടെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചു. സീസണില്‍ ഇതുവരെ 13 ലീഗ് ഗോളുകള്‍ അക്കൗണ്ടിലാക്കിയ ലെവക്ക് ബാഴ്സലോണയെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കാനായി.

ടീമിലെ യുവതാരങ്ങളെ കൃത്യമായി നയിക്കുന്നതിലും പ്രഗത്ഭനായ പോളിഷ് സ്ട്രൈക്കര്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ബാഴ്സലോണയുമായി സൈന്‍ ചെയ്യുന്നതിന് മുമ്പ് ലെവ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറിനിരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2021ല്‍ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങിയ ലെവന്‍ഡോസ്‌കി മറ്റൊരു ക്ലബ്ബിനെ കണ്ടെത്താന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നു എന്നും റയല്‍ മാഡ്രിഡായിരുന്നു ആ സമയത്തെ താരത്തിന്റെ ഫസ്റ്റ് ചോയ്‌സ് എന്നുമായിരുന്നു റിപ്പോര്‍ട്ട്. റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റെലെവോയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാരണങ്ങള്‍ മുന്‍ നിര്‍ത്തി റയല്‍ മാഡ്രിഡ് താരത്തെ സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. വമ്പന്‍ തുകയാണ് ബയേണ്‍ താരത്തിനായി ആവശ്യപ്പെട്ടിരുന്നത്.

34 വയസുള്ള താരത്തിന് ഇത്രയും തുക മുടക്കാന്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനുപുറമെ മികച്ച ഫോമില്‍ കളിച്ചിരുന്ന കരിം ബെന്‍സെമയില്‍ പെരസ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, ലെവന്‍ഡോസ്‌കി സൗദി ക്ലബ്ബുമായി സൈനിങ് നടത്താന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്‌കൈ സ്പോര്‍ട്ട് ജര്‍മനിയുടെ റിപ്പോര്‍ട്ട് പ്രകാരം കരിം ബെന്‍സെമയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയെ ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

ലെവന്‍ഡോസ്‌കിയെ സൗദി ക്ലബ്ബ് സൈന്‍ ചെയ്യിക്കുമ്പോള്‍ അത് ബാഴ്സലോണക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ലയണല്‍ മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ബാഴ്സക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.

Content Highlights: It was not Barcelona, Robert Lewandowski wanted to sign with Real Madrid, says report

We use cookies to give you the best possible experience. Learn more