ബയേണ്‍ മ്യുണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ക്ലബ്ബിലെത്തിച്ചതിന് പലരും ബാഴ്‌സയെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ബാഴ്‌സയില്‍ മികച്ച പ്രകടനം കഴ്ചവെച്ച് വിമര്‍ശിച്ചവരുടെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചു. സീസണില്‍ ഇതുവരെ 13 ലീഗ് ഗോളുകള്‍ അക്കൗണ്ടിലാക്കിയ ലെവക്ക് ബാഴ്‌സലോണയെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കാനായി.
ടീമിലെ യുവതാരങ്ങളെ കൃത്യമായി നയിക്കുന്നതിലും പ്രഗത്ഭനായ പോളിഷ് സ്‌ട്രൈക്കര്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ബാഴ്‌സലോണയുമായി സൈന്‍ ചെയ്യുന്നതിന് മുമ്പ് ലെവ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറിനിരിക്കുകയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2021ല്‍ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങിയ ലെവന്‍ഡോസ്‌കി മറ്റൊരു ക്ലബ്ബിനെ കണ്ടെത്താന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നു എന്നും റയല്‍ മാഡ്രിഡായിരുന്നു ആ സമയത്തെ താരത്തിന്റെ ഫസ്റ്റ് ചോയ്സ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോര്‍ട്‌സ് മാധ്യമമായ റെലെവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റെലെവോയുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാരണങ്ങള്‍ മുന്‍ നിര്‍ത്തി റയല്‍ മാഡ്രിഡ് താരത്തെ സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. വമ്പന്‍ തുകയാണ് ബയേണ്‍ താരത്തിനായി ആവശ്യപ്പെട്ടിരുന്നത്.
34 വയസുള്ള താരത്തിന് ഇത്രയും തുക മുടക്കാന്‍ റയല്‍ മാഡ്രിഡിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനുപുറമെ മികച്ച ഫോമില്‍ കളിച്ചിരുന്ന കരിം ബെന്‍സിമയില്‍ പെരസ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
അതേസമയം, ലെവന്‍ഡോസ്‌കി സൗദി ക്ലബ്ബുമായി സൈനിങ് നടത്താന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.