റേഡിയോ ജോക്കിയായി മലയാളികളുടെ മനസിലേക്ക് കയറിയ ആളാണ് മാത്തുകുട്ടി. പിന്നീട് ചാനല്‍ അവതാരകന്‍, അഭിനേതാവ്, സംഭാഷണ രചയിതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. ഏറ്റവുമൊടുവില്‍ സംവിധായകന്റെ വേഷവുമണിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെയും കൂട്ടുകാരുടെയും ജീവിതത്തില്‍ സംഭവിച്ച ഒരു കഥയെ കുഞ്ഞെല്‍ദോ എന്ന പേരില്‍ ആസിഫ് അലിയെ നായകനാക്കിയാണ് ആര്‍.ജെ. മാത്തുകുട്ടി സിനിമ ഒരുക്കിയിരിക്കുന്നത്.
പുതിയ സിനിമ, സൗഹൃദങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ആര്‍.ജെ. മാത്തുകുട്ടി മനസ് തുറക്കുകയാണ് ഡൂള്‍ന്യൂസ് പ്രതിനിധി അശ്വിന്‍ രാജ് നടത്തിയ അഭിമുഖത്തില്‍.
ജീവിതത്തില്‍ നടന്ന ഒരു സംഭവം സിനിമയാക്കുകയാണ്, ഒരിക്കല്‍ അനുഭവിച്ച കാര്യങ്ങള്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരികയാണ്. എന്തുതോന്നുന്നു?
നമ്മളാഗ്രഹിച്ച ഒരു സ്ഥലത്തേക്ക് കാര്യങ്ങളെത്തുന്നതില്‍ അഭിമാനമുണ്ട്. നമ്മളെങ്ങെനയാണോ വിചാരിച്ചത് അതുപോലെ തന്നെ ഇറക്കാന്‍ പറ്റിയതിന്റെ സന്തോഷമുണ്ട്.
2015 ല്‍ ‘യൂ ടൂ ബ്രൂട്ടസ്’ എന്ന ചിത്രത്തില്‍ സംഭാഷണം എഴുതികൊണ്ട് സിനിമാ മേഖലയിലെത്തിയ ആളാണ് മാത്തുകുട്ടി. മാത്തുവിന്റെ സര്‍ക്കിളില്‍ ഒരുപാട് സിനിമക്കാരും ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക് എത്താന്‍ ഇത്രയും കാലമെടുത്തത്?
ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ സിനിമ പെട്ടെന്ന് നടക്കുമായിരുന്നു. പക്ഷെ ചില കാര്യങ്ങള്‍ പെട്ടെന്ന് നടന്നാല്‍ നമ്മളാഗ്രഹിക്കുന്ന പോലെ നടക്കണമെന്നില്ല. ഒരു പക്ഷേ അന്ന് ഞാന്‍ സിനിമ ചെയ്തിരുന്നെങ്കില്‍ ആ ഒരൊറ്റ പടം കൊണ്ട് തന്നെ ഞാന്‍ സിനിമ നിര്‍ത്തിയേനെ. ഇപ്പോള്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ ചെയ്യാന്‍ കഴിയുന്നുണ്ട്.
ആസിഫിനെ പോലെ നല്ലൊരു നടന്‍ വരുന്നു, വിനീതേട്ടനെ പോലൊരാളുടെ സാനിധ്യം സിനിമയ്ക്ക് കിട്ടുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യാന്‍ പറ്റുന്നു. നേരത്തെ ആയിരുന്നെങ്കില്‍ ഇതൊന്നും ഈ രീതിയില്‍ നടക്കില്ലായിരുന്നു.
കോളേജ് കാലത്ത് നടന്ന ഒരു സംഭവമാണല്ലോ ഇപ്പോള്‍ സിനിമയാക്കുന്നത്. അന്ന് ചിന്തിച്ചിരുന്നോ അതിലൊരു സിനിമയുണ്ടെന്ന്?
അന്നെന്റെയുള്ളില്‍ സിനിമയുണ്ടായിരുന്നില്ല എന്നതുകൊണ്ട് അത്തരത്തില്‍ ചിന്തിച്ചിരുന്നില്ല. പക്ഷെ സുഹൃത്തുക്കള്‍ക്കൊപ്പം കഥപറഞ്ഞ് കൂടിയിരിക്കുമ്പോഴെല്ലാം മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യുന്നൊരു കല ഉണ്ടല്ലോ, അങ്ങനെ എപ്പോ പറയുമ്പോഴും കേള്‍വിക്കാരുള്ളൊരു കഥയാണ് കുഞ്ഞെല്‍ദോ.
2015ലാണ് ഞാന്‍ രൂപേഷ് പീതാംബരന്റെ കഥയ്ക്ക് ഡയലോഗ് എഴുതാന്‍ പോകുന്നത്. അന്ന് ടോവിനോ, രൂപേഷ് എല്ലാരുമുണ്ടായിരുന്നു. ആ സമയത്താണ് ഒരു സ്‌ക്രിപ്റ്റിന്റെ പാറ്റേണ്‍ എങ്ങിനെയാണ് എന്നതൊക്കെ മനസ്സിലായത്. സ്വന്തമായി ഒരു സ്‌ക്രിപ്റ്റ് എഴുതുന്നതിനെകുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്ന കഥ ഇതാണ്. പിന്നീട് വിനീതേട്ടന്‍ (വിനീത് ശ്രീനിവാസന്‍) ആണ് എന്നോട് ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറയുന്നത്.
ആസിഫ് അലി എങ്ങനെയാണ് ഈ സിനിമയിലേ്ക്ക് എത്തുന്നത്? മലയാളത്തില്‍ ഒരുപാട് യുവ താരങ്ങള്‍ ഉണ്ട് അതില്‍ നിന്ന് ആസിഫ് എന്ന ഓപ്ഷന്‍ സ്വീകരിക്കാന്‍ എന്തായിരുന്നു കാരണം?
പ്ലസ് ടു കാലം മുതല്‍ ഒരു 7 വര്‍ഷത്തോളം നീളുന്ന ഒരു കഥയാണ് സിനിമയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിവിധ പ്രായത്തിലുള്ള ഇമോഷന്‍സ് കുഞ്ഞെല്‍ദോ ആവുന്നയാളുടെ മുഖത്തും ശരീരത്തിലും കിട്ടണമെന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. യൂണിഫോം ഇട്ടു നിര്‍ത്തിയാലും അവസാനത്തില്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജില്‍ നിര്‍ത്തിയാലും അത് കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു നടനില്‍ മാത്രമേ കുഞ്ഞെല്‍ദോ ഭദ്രമായി നില്‍ക്കുകയുള്ളൂ. അങ്ങനെ ആലോചിച്ചപ്പോള്‍ ഏറ്റവും നല്ല ഓപ്ഷന്‍ ആസിഫ് അലി തന്നെയായിരുന്നു. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.
കഥ കേട്ടപ്പോള്‍ ആസിഫ് അലിയുടെ പ്രതികരണം എന്തായിരുന്നു?
കഥ കേട്ടയുടന്‍ നമ്മള്‍ ഈ സിനിമ ചെയുന്നു എന്നാണ് ആസിഫ് പറഞ്ഞത്.
റിയല്‍ ലൈഫില്‍ മാത്തുകുട്ടി ചെയ്ത കാര്യങ്ങള്‍ സിനിമയിലുണ്ടോ? മാത്തുവിന്റെ ജീവിതം സിനിമയില്‍ കാണാനാകുമോ?
ഇതില്‍ ജിന്റോ എന്നൊരു ക്യാരക്ടറുണ്ട്. ഒരു പരിധിവരെ ആ കഥാപാത്രം ഞാനാണ്. കഥാപാത്രത്തിന് ഞാനെന്റെ പേര് ഇട്ടിട്ടില്ല. പക്ഷേ ആ ക്യാരക്ടര്‍ ഞാനുമായി നല്ല സാമ്യമുണ്ട്.
മാത്തു കോളേജ് കാലത്തിന് ശേഷം ജേണലിസം പഠിക്കുന്നു, വീക്ഷണത്തില്‍ ജോലി ചെയുന്നു, പിന്നെ റേഡിയോയിലേക്ക് പോകുന്നു, അതിന് ശേഷം വി.ജെ. ആവുന്നു. ഇതിനെല്ലാം മുമ്പെ ഹോട്ടല്‍ മാനേജ്മന്റ് പഠിക്കുന്നു. ഇപ്പോഴിതാ സിനിമ സംവിധായകനായിരിക്കുന്നു. ജീവിതത്തില്‍ ഒരു സകലകാല വല്ലഭനാണല്ലേ?
ഹോട്ടല്‍ മാനേജ്മെന്റിലൊക്കെ ഞാന്‍ വഴി തെറ്റി എത്തിയതാണ്. എനിക്കൊരു കട്ടന്‍ചായ പോലും മര്യാദക്ക് ഉണ്ടാക്കാനറിയില്ല. (ചിരിക്കുന്നു)
കുക്കിംഗിനോടൊന്നും ഒട്ടും താല്പര്യമില്ലാത്ത ഒരാളെങ്ങിനെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്സിലെത്തി?
വീട്ടുകാരുടെയും കാരണവന്മാരുടെയും ആഗ്രഹത്തിന്റെ സന്തതികള്‍ ആകാന്‍ വേണ്ടി പിറക്കപെട്ടവരാണല്ലോ നമ്മള്‍ ഒരു വലിയ പ്രായം വരെ. അതുകഴിഞ്ഞാണല്ലോ നമ്മള്‍ രക്ഷപ്പെടാന്‍ നോക്കുന്നത്. (ചിരിക്കുന്നു)
ഞങ്ങള്‍ മൂന്നു പേരാണ് വീട്ടില്‍. ഏറ്റവും മൂത്തത് ചേച്ചിയാണ്. ചേച്ചി നഴ്സിംഗിന് ശേഷം അയര്‍ലാന്റിലേക്ക് പോയി. കല്യാണം കഴിഞ്ഞാല്‍ ചേച്ചിയുടെ ഭര്‍ത്താവും അയര്‍ലാന്റിലേക്ക് പോകും എന്നുറപ്പായിരുന്നു. അവിടെ ഹോട്ടല്‍ മാനേജ്മെന്റിന് വലിയ സ്‌കോപ് ആണ്. അപ്പൊ അളിയന്‍ അളിയനെ കൊണ്ട് പോയിക്കോളും എന്നൊക്കെയുള്ള വെല്‍ പ്ലാനിങ് ആയിരുന്നു കുടുംബത്തിന്.
കാരണവന്മാരൊക്കെ ക്ലാസിക് പ്ലാനിന്റെ ആള്‍ക്കാരാണ്. പക്ഷെ അവരുടെ പ്രതീക്ഷകൊളൊക്കെ ഞാന്‍ തകര്‍ത്തുകളഞ്ഞു. +2 സയന്‍സ് ആയിരുന്നു ഞാന്‍. അത് കഴിഞ്ഞ് അവരുടെ പ്രതീക്ഷകളക്കെ തെറ്റിച്ച് ബി.എ. മലയാളം പഠിക്കാന്‍ പോയി. അതും കഴിഞ്ഞാണ് ഹോട്ടല്‍ മാനേജ്മെന്റിന് ചേര്‍ന്നത്. മലയാളം പഠിച്ച് കഴിഞ്ഞപ്പോഴാണ് ഇത്തിരി കാഴ്ചപ്പാടുകളൊക്കെ രൂപപ്പെട്ടത്. അങ്ങനെയാണ് കേരള മീഡിയ അക്കാദമിയില്‍ പോയി ജേണലിസം പഠിച്ചത്.
പലവഴിക്ക് ലക്കും ലഗാനുമില്ലാതെ പോയിട്ടുണ്ടല്ലേ?
അതെ, നമ്മുക്ക് പരിചയമില്ലാത്ത വഴിക്ക് പോകുമ്പോ ചില ആള്‍ക്കാരൊക്കെ കൈ കാണിക്കുമല്ലോ, അങ്ങനെയുള്ളവരാണ് എന്റെ വഴി മാറ്റിവിട്ടത്.
ഇടയ്ക്ക് അഭിനയത്തിലേക്ക് ഇറങ്ങിയിരുന്നല്ലോ, പക്ഷേ വളരെ കുറച്ച് സിനിമകള്‍ മാത്രം?
എനിക്കിന്നേവരെ എന്നെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ച് ആരെയെങ്കിലും സമീപിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. എനിക്കെന്നോട് തന്നെ ചോദിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് കുഞ്ഞെല്‍ദോയില്‍ ഞാന്‍ അഭിനയിക്കാതിരുന്നത്. എന്നോട് പലരും ചോദിച്ചിരുന്നു സ്വന്തം സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്നൊക്കെ.
എനിക്ക് എന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന ആള്‍ക്കാരെയായിരുന്നു വേണ്ടിയിരുന്നത്. പൊതുവെ ധൈര്യമില്ലാത്ത പരിപാടിയാണ് അഭിനയം. സുഹൃത്തുക്കള്‍ ഇങ്ങോട്ട് വിളിച്ച് നമുക്കിത് ചെയ്താലോ എന്ന് പറഞ്ഞ ചുരുക്കം റോളുകളാണ് ഞാന്‍ ചെയ്തത്.
സൗഹൃദങ്ങളില്‍ ജീവിക്കുന്ന ആളാണ് മാത്തുക്കുട്ടി എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ തന്നെയാണോ?
നൂറ് ശതമാനവും സത്യമാണ്, എനിക്കെന്ത് പ്രശ്നം വന്നാലും ഞാനാദ്യം വിളിക്കുന്നത് ഒരു സുഹൃത്തിനെയാകും. നമുക്ക് അവരുടെ കൂടെയിരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് തീര്‍ന്നോളും. നമ്മളിപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും റിയല്‍ കുഞ്ഞെല്‍ദോ എന്റെ കൂടെ ഇരിക്കുന്നുണ്ട്.
പക്ഷേ സൗഹൃദങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. അത് വലിയ ഉത്തരവാദത്തമായി കാണുന്ന ഒരാളാണ് ഞാന്‍. സൗഹൃദത്തെ കുറിച്ച് ഞാന്‍ കേട്ട സ്വീറ്റ് ആയ വാചകം സൗഹൃദം ഒരു റെസ്പോണ്‍സിബിലിറ്റി ആണ്, അവസരമാണ് എന്നതാണ്. നമുക്ക് രക്തബന്ധമില്ലാത്ത മനുഷ്യര്‍ നമ്മുടെ കൂടെ ഇങ്ങനെ നില്‍ക്കുകയല്ലേ അതൊരു രസമുള്ള കാര്യമാണ്.
രൂപേഷുമായി എങ്ങിനെയാണ് സൗഹൃദത്തിലാകുന്നത്?
രൂപേഷ് അങ്ങനെ എല്ലാര്‍ക്കും അക്സെപ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരാളല്ല, അവന്‍ അവന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ജൂനിയര്‍ ആടുതോമയാണ്. പക്ഷെ രൂപേഷിനെ ഇഷ്ടമുള്ള ആളുകള്‍ക്ക് അവനെ ഭയങ്കര ഇഷ്ടമായിരിക്കും. ഈ സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രൂപേഷ് പല തവണ ശ്രമിച്ചിരുന്നു. പക്ഷേ ഞാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്തത്. എനിക്ക് സിനിമയുമായുള്ള ബന്ധത്തില്‍ രൂപേഷിന് വലിയ റോളുണ്ട്. മുന്‍കാലങ്ങളില്‍ എന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന പലരും ഇതില്‍ അഭിനയിക്കുകയോ വര്‍ക് ചെയ്യുകയോ ഒക്കെ ചെയ്തിട്ടുണ്ട്.
അശ്വതി ശ്രീകാന്ത് നേരത്തെ എന്റെ കൂടെ വര്‍ക്ക് ചെയ്തയാളാണ്. അവള്‍ ഈ പടത്തിലെ രണ്ട് പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. ഞാന്‍ മീഡിയ രംഗത്തേക്ക് വരാന്‍ കാരണം ജുവല്‍ എന്നൊരു കുട്ടിയാണ് അവള്‍ ഈ സിനിമയ്ക്ക് ഡബ് ചെയ്തിട്ടുണ്ട്. അഭിനയിച്ചിട്ടുണ്ട്.
പക്കാ സൗഹൃദങ്ങളില്‍ നിന്നുണ്ടായ സിനിമ എന്ന് പറയാം അല്ലെ?
നൂറു ശതമാനം, ഇതൊരിക്കലും എന്റെ സിനിമയാണെന്ന് ഞാനെവിടെയും പറയില്ല ഇത് ഞങ്ങളുടെ സിനിമയാണ്.
കല്ലു, മാത്തു എന്ന കോമ്പിനേഷന്‍ ഇന്ന് ഒരു ബ്രാന്‍ഡ് ആണ്. മലബാറിലൊക്കെ നിങ്ങള്‍ക്ക് ധാരാളം ഫാന്‍സ് ഉണ്ട്. സാധാരണ ഒരേ പരിപാടിയുടെ രണ്ട് അവതാരകര്‍ക്കിടയില്‍ ചിലപ്പോള്‍ ചില ഇഗോ വര്‍ക്ക് ഔട്ട് ആവാറുണ്ട്. എന്നാല്‍ നിങ്ങള്‍ പരസ്പരം ട്രോളുമെങ്കിലും നിങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ ഒരു കൊടുക്കല്‍ വാങ്ങല്‍ കാണാനാകും. ഉടന്‍ പണം കഴിഞ്ഞിട്ട് പോലും ആളുകള്‍ ഒരുപാട് ഇഷ്ടപെടുന്നു. ഉദ്ഘാടനത്തിനും പ്രോഗ്രാമുകള്‍ക്കും നിങ്ങളെ ക്ഷണിക്കുന്നു. എത്രത്തോളമുണ്ട് കല്ലുവിന്റെയും മാത്തുവിന്റെയും സൗഹൃദത്തിന്റെ ഒരു ലെവല്‍?
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഈ ജില്ലകളില്ലെങ്കില്‍ നമ്മള്‍ കഞ്ഞി വല്ലോം കുടിച്ച് ജീവിക്കേണ്ടിവരും. എന്നോട് കുറേപേര്‍ ചോദിക്കാറുണ്ട് ഞാനും കല്ലുവും പണ്ടു മുതല്‍ക്കേ പരിചയമുണ്ടോ ഏട്ടനും അണിയനുമാണോ എന്നൊക്കെ. സത്യത്തില്‍ ഉടന്‍ പണത്തിന്റെ മേക്കപ്പ് റൂമിലിരുന്ന് കൈകൊടുത്ത് പരിചയപ്പെട്ട ആള്‍ക്കാരാണ് ഞങ്ങള്‍.
അഞ്ച് വര്‍ഷം ആകുന്നെയുളളു ഞങ്ങള്‍ തമ്മില്‍ കൂട്ടുകാരായിട്ട്. പക്ഷെ കണ്ടുമുട്ടി അഞ്ചു ദിവസത്തിനുള്ളില്‍ പരസ്പരം ചോദിച്ചിട്ടുണ്ട് നിങ്ങളെവിടെയായിരുന്നു ഇത്രയും കാലമെന്ന്.
കലേഷേട്ടന്‍ ഒരു വണ്ടര്‍ഫുള്‍ ഹ്യൂമന്‍ ബിങ് ആണ്. പുള്ളീടെ കൂടെ നില്കുന്നത് കൊണ്ട് കുറേ കാര്യങ്ങള്‍ വളരെ ഈസി ആണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആ സ്പേസ് അങ്ങോട്ടമിങ്ങോട്ടും നന്നായി കിട്ടി. ഞാന്‍ പറയുന്നതൊന്നും പുള്ളിയെ ഹനിക്കുന്നതാവാറില്ല. തിരിച്ചും അങ്ങിനെ തന്നെയാണ്. ദൈവം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുവിനെ എനിക്ക് കിട്ടിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു, പുള്ളിയെ കണ്ടുമുട്ടിയതിനു ശേഷമാണു ഞാന്‍ പതിനാറ് രാജ്യങ്ങള്‍ കാണുന്നത്.
മമ്മൂട്ടിയുമായി മാത്തുകുട്ടി നടത്തിയ ഒരു അഭിമുഖം ഏറെ ഹിറ്റായിരുന്നു. ഇത്രയും ഫ്രീ ആയി, മമ്മൂക്ക പ്രതികരിച്ച അഭിമുഖങ്ങള്‍ അപൂര്‍വമാണ്. മമ്മുക്കയുമായുള്ള സൗഹൃദം എങ്ങിനെയാണ്?
മമ്മൂക്കയുമായി ഏറെ അടുപ്പമുണ്ട്. ഞാന്‍ റേഡിയോയില്‍ ആയിരുന്ന സമയത്ത് ഇന്റര്‍വ്യു ചെയ്യാനൊക്കെ പോകുമ്പോള്‍ ‘നീ എന്താ ഇവിടെ, ഇതൊക്കെ നിര്‍ത്തിക്കോ. നീ സിനിമയിലേക്ക് പോ’ എന്നൊക്കെ എന്നോട് പറഞ്ഞിട്ടുള്ളത് മമ്മൂക്കയാണ്.
ഇടയ്ക്ക് കുറച്ച് സാമ്പത്തിക പ്രശ്നങ്ങളൊക്കെ വന്ന് ഞാന്‍ ഗള്‍ഫിലെ ഒരു എഫ്.എമ്മിലേക്ക് പോകാനുള്ള ഒരു പദ്ധതിയിട്ടിരുന്നു. അന്ന് ഞാനിത് മമ്മൂക്കയോട് പറഞ്ഞപ്പോ ‘അയ്യോ വേണ്ട, പോകല്ലെ’ എന്ന് പറഞ്ഞു. ഒരു വല്ല്യേട്ടന്‍ ഫീലാണ് മമ്മൂക്കയില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്.
ആ ഒരു സൗഹൃദത്തില്‍ നിന്നൊക്കെയാണ് അന്ന് മമ്മൂക്കയുമായുള്ള അഭിമുഖം നടത്തിയപ്പോള്‍ അത്രയും ഫ്രീ ആയി മമ്മൂക്ക സംസാരിച്ചതെന്നാണ് കരുതുന്നത്.
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ കുഞ്ഞെല്‍ദോ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് വരാന്‍ പോവുകയാണ്. എന്താണ് പ്രേക്ഷകരോട് പറയാന്‍ ഉള്ളത്?
ഞാന്‍ ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് അവര്‍ അവരുടെ സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. പിന്നീട് നമ്മള്‍ പോയി ആ സിനിമ കാണുമ്പോള്‍ ഇതിനെക്കുറിച്ചായായിരുന്നോ ഇവര്‍ ഇത്രയും പറഞ്ഞത് എന്ന് തോന്നാറുണ്ട്.
അന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന വര്‍ക്കില്‍ ഒരുപാട് തള്ളരുതെന്ന്. കുഞ്ഞെല്‍ദോ ഒരു കുഞ്ഞു സിനിമയായിരിക്കും. നിങ്ങള്‍ ഒരു സങ്കടം ബാക്കി വെച്ച് തീയേറ്ററില്‍ നിന്ന് ഇറങ്ങില്ല. മനസ്സ് നിറച്ചിട്ട് പോകുന്ന സിനിമയായിരിക്കും കുഞ്ഞേല്‍ദോ. നിങ്ങളുടെ ഹൃദയത്തില്‍ എവിടെയെങ്കിലുമൊക്കെ തൊടുന്ന ഒരു സിനിമയായിരിക്കും ഇത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
“It was Mammootty who told me not to stay here and go to the cinema,” RJ Mathukutty talk about Kunjeldho movie and his life