ഒരു കാലത്ത് തമിഴ്‌നാട്ടിലെ സ്റ്റുഡിയോകളില്‍ മലയാളം അഭിനേതാക്കള്‍ക്ക് റൂം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ വിഷാന്‍. മലയാളികള്‍ക്കും റൂം വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി അതിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണെന്നും വിഷാന്‍ പറഞ്ഞു. ദി വിസിലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.
‘സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഷൂട്ടെല്ലാം അന്ന് ചെന്നൈയിലാണ് നടന്നിരുന്നത്. എ.വി.എം സ്റ്റുഡിയോയുടെ സെറ്റിലാണ് നടക്കുന്നത്. തമിഴ് ആര്‍ടിസ്റ്റുകള്‍ക്ക് റൂം ഉണ്ടായിരുന്നു. മലയാളം ആര്‍ടിസ്റ്റുകള്‍ക്കൊന്നും റൂമില്ല. മരത്തിന്റെ മറവിലായിരുന്നു നടിമാര്‍ ഡ്രസ് മാറിക്കൊണ്ടിരുന്നത്. അവര്‍ക്ക് കൊടുത്ത മര്യാദ അത്രയേ ഉണ്ടായിരുന്നുള്ളൂ. കാരണം തമിഴ്‌നാട്ടില്‍ മലയാളം സിനിമ എന്നാല്‍ അഡല്‍ട്‌സ് ഒണ്‍ലി പടങ്ങളായിരുന്നു.
അതിന് മാറ്റം വരുത്തിയത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഇവിടെ വിജയിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം ഇക്കാര്യത്തില്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് റൂം തരില്ലേ, ഞങ്ങള്‍ക്കും റൂം വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കിയതിന് ശേഷമാണ് മലയാളം അഭിനേതാക്കള്‍ക്ക് ഇവിടെ റൂം ലഭിക്കാന്‍ തുടങ്ങിയത്. മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു വിപ്ലവം സൃഷ്ടിച്ചത് അദ്ദേഹമാണ്,’ വിഷന്‍ പറഞ്ഞു.