അതൊരു കെട്ടിപ്പിടിത്തം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല; ബി.ജെ.പി നേതാക്കളുടെ വായടപ്പിച്ച് സിദ്ദു
national news
അതൊരു കെട്ടിപ്പിടിത്തം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല; ബി.ജെ.പി നേതാക്കളുടെ വായടപ്പിച്ച് സിദ്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2018, 4:09 pm

ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവേ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെ ആലിംഗനം ചെയ്ത സംഭവത്തില്‍ തന്നെ വിമര്‍ശിച്ച ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു.

അതൊരു ആലിംഗനം മാത്രമായിരുന്നെന്നും അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈനികരെ സിദ്ദു അപമാനിച്ചുവെന്ന പ്രതിരോധമന്ത്രി നിര്‍മലാ സീതരാമന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സിദ്ദുവിന്റെ ഈ മറുപടി.

“” നിങ്ങള്‍ ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് സിദ്ദു ഇപ്പോള്‍ വളരെ പ്രശസ്തനായ നേതാവായി. അതൊരു ആലിംഗനമായിരുന്നു. അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല. ഗുര്‍സിഖുകള്‍ക്ക് നേരെ ഉയരുന്ന വെടിയുണ്ടകളായിരുന്നില്ല അത്. – സിദ്ദു പറയുന്നു.


അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍


ഇന്ത്യന്‍ സൈനികരെ കൊന്നുതള്ളാന്‍ നിര്‍ദേശം നല്‍കുന്ന പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്യുക വഴി രാഷ്ട്രീയസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നു സിദ്ദുവെന്നായിരുന്നു കേന്ദ്രവിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ പ്രസ്താവന. സുഷ്മ സിദ്ദുവിനെ ശാസിച്ചതായി കേന്ദ്രമന്ത്രി ഹര്‍സിംറാത്ത് കൗര്‍ ബാദല്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പായിരുന്നു സിദ്ദുവിന്റെ വിവാദ ആലിംഗനം. ചടങ്ങില്‍ സിദ്ദു പാക് അധീന കാശ്മീര്‍ പ്രസിഡന്റ് മസൂദ് ഖാന്റെ സമീപത്തിരുന്നതും വിവാദമായിരുന്നു.

എന്നാല്‍ ആരെങ്കിലും ഒരാള്‍ തന്റെ അടുത്തെത്തി നമ്മള്‍ ഒരേ സംസ്‌ക്കാരത്തില്‍പ്പെട്ടവരാണെന്ന് പറഞ്ഞ് സമീപിക്കുമ്പോള്‍ താനെന്ത് ചെയ്യണമായിരുന്നു എന്നായിരുന്നു സിദ്ദുവിന്റെ ചോദ്യം.