| Monday, 12th July 2021, 7:53 pm

കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുക മനുഷ്യസാധ്യമല്ലായിരുന്നു: വീഴ്ച സമ്മതിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കൊവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ മനുഷ്യരെക്കൊണ്ട് സാധിക്കില്ലായിരുന്നെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ഗാന്ധിനഗറിലെ കലോല്‍ മണ്ഡലത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടാം തരംഗത്തില്‍ കൊവിഡ് അതിവേഗം വ്യാപിക്കുകയായിരുന്നു. അതിനെ നിയന്ത്രിക്കുക എന്നത് മനുഷ്യസാധ്യമല്ലായിരുന്നു. എന്നാല്‍ ആ സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് മടങ്ങ് ഓക്‌സിജന്‍ എല്ലായിടത്തും എത്തിക്കാന്‍ ശ്രമിച്ചു,’ ഷാ പറഞ്ഞു.

എല്ലാവരും വാക്‌സിനെടുത്താല്‍ കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിനം രണ്ട് ലക്ഷത്തിനടുത്ത് പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരുന്നത്. ദിവസേന നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.എ. കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ആഗോളതലത്തില്‍ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാല്‍ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്. വിനാശകരമായ രണ്ടാം തരംഗത്തില്‍ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത് അപകടകരമാണെന്നും ഐ.എം.എ. പ്രസ്താവനയില്‍ വ്യക്തമാക്കി.

വിനോദ സഞ്ചാരം, തീര്‍ത്ഥാടന യാത്ര, മതപരമായ ആഘോഷങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ ഇവയെല്ലാം അനുവദിക്കാന്‍ കുറച്ചുമാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളില്‍ വാക്സിന്‍ എടുക്കാതെ ആളുകള്‍ കൂട്ടമായെത്തുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പര്‍ സ്പ്രെഡിന് ഇടയാക്കുമെന്നും ഐ.എം.എ. മുന്നറിയിപ്പ് നല്‍കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: It was humanly not possible to control Covid second wave: Amit Shah

We use cookies to give you the best possible experience. Learn more