ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികളെ ന്യായീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും അത് ഒരു ആക്‌സിഡന്റ് ആണെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യു.പിയില്‍ കലാപമുണ്ടായ ഉടനെ വിവരം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും തെലങ്കാനയിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത ശേഷം ഗോരഖ്പൂരിലെ ലേസര്‍ ഷോയുടെ ഉദ്ഘാടനം കൂടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചത്.
യോഗത്തില്‍ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് ഇത്രയും ദിവസത്തിന് ശേഷവും വിഷയത്തില്‍ കാര്യമായ പ്രതികരണമൊന്നും നടത്താന്‍ യോഗി ആദിത്യനാഥ് തയ്യാറായിരുന്നില്ല. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് യോഗി ആദിത്യനാഥ് തയ്യാറായത്.
ആര്‍ക്കും ഞങ്ങളെ തടയാനാവില്ല; ബംഗാളില്‍ റാലി നടത്തിയിരിക്കും; ഹൈക്കോടതിയെ വെല്ലുവിളിച്ച് അമിത് ഷാ
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മൗനത്തിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ഇല്ലെങ്കില്‍ കുടുംബത്തിലെ ഏഴ് പേരും ആത്മഹത്യ ചെയ്യുമെന്നും കുടുംബം പറഞ്ഞിരുന്നു.
സംഭവത്തില്‍ 28 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്നത് ബജ്‌റംഗദളിന്റേയും വി.എച്ച്.പിയുടേയും ബി.ജെ.പി യൂത്ത് വിങ്ങിന്റേയും പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്.
കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കലാപത്തിന് ആസൂത്രണം നല്‍കിയതിന്റെ പേരില്‍ ബജ്‌റംഗദള്‍ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കൊലപാതകം നടത്തിയ പ്രതി ആരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന്റെ കയ്യില്‍ മറുപടിയില്ല.
ബുലന്ദ്ശ്വര്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിരുന്നു. പശുവിന്റെ അവശിഷ്ടം പാടത്ത് തൂക്കിയിട്ട നിലയും സംഭവം അറിഞ്ഞയുടന്‍ ഹിന്ദുത്വ സംഘടനകളുടെ വന്‍ സംഘം തന്നെ അവിടെയെത്തിയെന്നതും ഈ സംശയം ബലപ്പെടുത്തിയിരുന്നു.
പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍ പറഞ്ഞിരുന്നു.
പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലിം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ “ഇജ്‌തെമാഅ്” പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.