മെസിയും എംബാപ്പെയുമടങ്ങിയ വമ്പൻ താരനിരയുമായി ചാമ്പ്യൻസ് ലീഗിൽ മുത്തമിടാം എന്ന പ്രതീക്ഷയിൽ എത്തിയ പി.എസ്.ജിയെ തകർത്തെറിഞ്ഞിരിക്കുകയാണ് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക്.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാരീസ് വമ്പൻമാരെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ബയേൺ, ഇരുപാദങ്ങളിലുമായി 3-0 എന്ന മാർജിനിലാണ് പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
എന്നാലിപ്പോൾ മത്സരശേഷം മെസിക്കും റൊണാൾഡോക്കുമെതിരെ കളിച്ച കാര്യങ്ങളെക്കുറിച്ചുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ബയേൺ സൂപ്പർ താരമായ തോമസ് മുള്ളർ.
മാധ്യമ പ്രവർത്തകനായ ജോർജ് ഹോൾസ്നറിന് നൽകിയ അഭിമുഖത്തിലാണ് ബയേണിൽ മെസിക്കും റൊണാൾഡോക്കും എതിരെ കളിച്ചതിന്റെ അനുഭവം മുള്ളർ തുറന്ന് പറഞ്ഞിരിക്കുന്നത്.
“മത്സരത്തിന്റെ റിസൾട്ട് പരിശോധിക്കുമ്പോൾ മെസിക്കെതിരെ എല്ലാ നിലയിലും മികവോടെ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ നോക്കുകയാണെങ്കിൽ റൊണാൾഡോയും അദ്ദേഹം മുമ്പ് കളിച്ചിരുന്ന റയൽ മാഡ്രിഡുമായിരുന്നു എല്ലാക്കാലത്തും ഞങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത്,’ തോമസ് മുള്ളർ പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ എട്ട് തവണ ബയേണിനെ നേരിട്ടപ്പോഴും വെറും രണ്ട് മത്സരങ്ങൾ മാത്രം വിജയിക്കാനെ പി.എസ്.ജിക്ക് സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളിലും ക്ലബ്ബ് പരാജയമായിരുന്നു. റൊണാൾഡോയുടെ റയൽ മാഡ്രിഡിനെതിരെ എട്ട് മത്സരങ്ങൾ ബയേൺ കളിച്ചപ്പോൾ അഞ്ചിലും വിജയം സ്പാനിഷ് ക്ലബ്ബിനൊപ്പമായിരുന്നു.
ലീഗ് വണ്ണിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
മാർച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.