| Tuesday, 11th July 2017, 9:49 pm

'മലയാളീസ് കയ്യടിക്കെടാ...'; കശാപ്പ് നിരോധനത്തിന് രാജ്യമാകെ സുപ്രീം കോടതിയുടെ സ്‌റ്റേയ്ക്കു വേണ്ടി നിയമ പോരാട്ടം നടത്തിയത് അഖിലേന്ത്യ കിസാന്‍ സഭ; കേസ് വാദിച്ചത് മുന്‍ എസ്.എഫ്.ഐ നേതാവ് അഡ്വ.സുഭാഷ് ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയിലെ ജനങ്ങളെ ഏറെ വലച്ച തീരുമാനമായിരുന്നു കന്നുകാലി കശാപ്പു നിരോധനം. ഇതിന്റെ പേരില്‍ മര്‍ദ്ദനം ഏറ്റുവാങ്ങിയവര്‍ മുതല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വരെ ധാരാളം. ജുനൈദ് ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ അതിന്റെ രക്തസാക്ഷികളാണ്. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് കണിഞ്ഞാണിട്ടു കൊണ്ട് ഇന്ന് സുപ്രീം കോടതിയുടെ സ്‌റ്റേ വന്നു. ആ വിധിയില്‍ കേരളത്തിനും മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഒരുപാടാണ്.

കാരണം സുപ്രീം കോടതിയില്‍ കേന്ദ്ര വിജ്ഞാപനത്തിനെതിരെ റിട്ട് നല്‍കിയത്. ഓള്‍ ഇന്ത്യ കിസാന്‍ സഭയാണ്. കിസാന്‍ സഭയ്ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വക്കീല്‍ മലപ്പുറം സ്വദേശിയും എസ്.എഫ്.ഐ മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ അഡ്വ.സുഭാഷ് ചന്ദ്രനുമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഭക്ഷണ ശീലത്തിനും വിലങ്ങായ വിജ്ഞാപനത്തിനെതിരെ നല്‍കിയ റിട്ടിന്മേലാണ് മൂന്ന് മാസത്തിലേക്ക് വിജ്ഞാപനത്തിന് കോടതിയുടെ സ്‌റ്റേ ലഭിച്ചത്.

കോടതി വിധി സംബന്ധിച്ച് സുഭാഷ് ചന്ദ്ര തന്റെ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്. കിസാന്‍ സഭ നല്‍കിയ റിട്ട് പെറ്റീഷന്‍ നമ്പര്‍ 499/2017 പ്രകാരമാണ് സുപ്രീം കോടതിയുടെ വിധിയെന്ന് അദ്ദേഹം ത്‌ന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. സുഭാഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ അഭിനന്ദനവും നന്ദിയുമറിയിച്ച് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.

ജനങ്ങളുടെ ജീവനോപാധികളെ അനിശ്ചിതത്വങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ ആവില്ലെന്നു പറഞ്ഞാണ് കോടതി നിയമം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേദാറിന്റേതാണ് നിര്‍ദേശം.
നിയമം നടപ്പിലാക്കി തുടങ്ങിയിട്ടില്ലെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ പരാതികള്‍കൂടി പരിഗണിച്ചശേഷം ആഗസ്റ്റില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് അറിയിച്ചു.


Also Read:  ‘ഈ അപരാധത്തിന്റെ പാപഭാരം ഇനിയും മലയാള സിനിമാലോകം ചുമക്കണ്ട’; ദിലീപിന്റെ അറസ്റ്റ് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണെന്ന് നവ്യ നായര്‍


മെയ് 25നാണ് പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
നേരത്തെ മെയ് 30ന് മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി രാജ്യവ്യാപകമായി ബാധകമാക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വന്‍പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഉത്തരവ് ബാധകമായ കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more