ജയ്പൂര്‍: ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ തന്നെ നിലനിര്‍ത്തിയത് മാനേജ്മന്റിന്റെ സ്വാഭാവികമായ നീക്കമായിരുന്നെന്ന് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
‘സ്വാഭാവികമായൊരു നീക്കമായിരുന്നു അത്. ഞാന്‍ ഐ.പി.എല്‍ കളിച്ചു തുടങ്ങിയത് മുതല്‍ രാജസ്ഥാന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്,’ താരം പറയുന്നു.
ഇത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ടീം മാനേജ്‌മെന്റും കോച്ചും തന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വളരെ വലുതാണെന്നും താരം പറയുന്നു.
ഒരു ക്യാപ്റ്റനെന്ന നിലയില്‍ താന്‍ വളരെ ചെറുപ്പമാണെന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും രാജസ്ഥാന്റെ നായകനെന്ന നിലയില്‍ തന്നെക്കൊണ്ടാവുന്നത് പോലെ ടീമിനെ നയിക്കാനും ഏറെ ആവേശത്തിലാണെന്നും സഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.
ടീമിന്റെ ആദ്യ നിലനിര്‍ത്തലായാണ് ടീം സഞ്ജുവിനെ തെരഞ്ഞെടുത്തത്. 14 കോടി രൂപ നല്‍കിയാണ് തങ്ങളുടെ ക്യാപ്റ്റനെ വീണ്ടും കൂടാരത്തിലെത്തിച്ചിരിക്കുന്നത്. ഇത്തവണയും സഞ്ജു തന്നെയായിരിക്കും പിങ്ക് സിറ്റിയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സഞ്ജുവിനൊപ്പം ജോസ് ബട്‌ലറേയും യശസ്വി ജെയ്‌സ്വാളിനേയുമാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്. 10 കോടി രൂപ നല്‍കിയാണ് ബട്‌ലറിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ റൈസിംഗ് സ്റ്റാറായ യശസ്വിയ്ക്ക് 4 കോടിയാണ് ടീം നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: “It was a pretty natural decision actually” – Sanju Samson opens up on getting retained by RR