ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര മൂന്നാം ദിവസം അവസാനിക്കവേ, 513 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 42 റൺസ് എന്ന നിലയിലാണ്.
കളി അവസാനിക്കാൻ 2 ദിനം കൂടി ബാക്കി നിൽക്കെ ബംഗ്ലാദേശിന് 471 റൺസ് കൂടി ആവശ്യമുണ്ട്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 404 റൺസിന് ബദലായി ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 150ന് ഓൾഔട്ട് ആയിരുന്നു.
രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ച ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ബംഗ്ലാ വിക്കറ്റുകളൊന്നും നേടാൻ സാധിച്ചിട്ടില്ല.
അതേസമയം രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി ഇന്ത്യയ്ക്കായി ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ച്വറി തികച്ചിരിക്കുകയാണ് 23 വയസ്സുകാരനായ യുവതാരം ശുഭ്മാൻ ഗിൽ.
ആദ്യ ഇന്നിങ്സിൽ വെറും 20 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിലും രണ്ടാം മത്സരത്തിൽ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയാണ് ശുഭ്മാൻ ഗിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി തികച്ചത്. 152 പന്തുകളിൽ നിന്നും 110 റൺസാണ് ഗിൽ സ്കോർ ചെയ്തത്. പത്ത് ഫോറുകളും മൂന്ന് സിക്സറുകളുമടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.
കളിയുടെ അമ്പതാം ഓവറിൽ മെഹ്‌ദി ഹുസൈനാണ് ഗില്ലിനെ പുറത്താക്കിയത്.
യുവതാരത്തിന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
എന്നാൽ മത്സരത്തിനിടെ 90 റൺസിൽ ബാറ്റിങ് തുടരവേ മാധ്യമപ്രവർത്തകരോട് ഈ സെഞ്ച്വറിക്ക് വേണ്ടി ഒരുപാട് നാൾ തനിക്ക് കാത്തിരിക്കേണ്ടി വന്നൂ എന്നാണ് ഗിൽ പറഞ്ഞത്.
“എനിക്ക് തോന്നുന്നത് നീണ്ട കാലയളവിന് ശേഷം അതെന്നെ(ആദ്യ ടെസ്റ്റ് സെഞ്ച്വറി) തേടിവരികയാണെന്നാണ്. ഇന്ന് പ്രതിബന്ധങ്ങളെല്ലാം വഴി മാറി നിൽക്കുകയാണ്. അതുകൊണ്ട് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാൻ കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,’ ഗിൽ പറഞ്ഞു.
“എന്നെ സംബന്ധിച്ച് ഫീൽഡിൽ എങ്ങനെ നിലയുറപ്പിക്കണമെന്നതാണ് പ്രധാനം. അത് കഴിഞ്ഞേ റൺസ് നേടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുള്ളൂ,’ ഗിൽ തുടർന്നു.
രണ്ട് മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് പര്യടനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റ് വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര തോൽക്കുന്നത് തടയാൻ സാധിക്കും.
Content Highlights:It was a long time for me: Shubman Gill on maiden Test century